
ചാരുംമൂട് : ചുനക്കര ഗ്രാമപഞ്ചായത്ത് കാർഷിക കർമ്മസേനയുടെ വിത്തുത്പാദന കേന്ദ്രം റെയിൻ ഷെൽട്ടർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പച്ചക്കറി ഉത്പാദനം വർദ്ധിപ്പിക്കുവാനായുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായുള്ള ഷെൽട്ടറിൽ ഉന്നത ഗുണമേന്മയുള്ള വിവിധ പച്ചക്കറികളുടെ ഉത്പാദനവും വിതരണവും നടക്കും. ആയിരത്തിയിരുന്നൂറോളം ഗ്രോ ബാഗുകൾ ഇവിടെ ലഭ്യമാണ്.
വിത്തുകൾ ഉൾപ്പെടുത്തി നിറച്ച ഗ്രോബാഗ് ഒന്നിന് 50 രൂപ നിരക്കിൽ കർഷകർക്ക് നൽകുവാനാണ് ഉദ്ദേശിക്കുന്നത്. ഗ്രോബാഗുകൾ ആവശ്യമുള്ള കർഷകർ ഫെബ്രുവരി 15ന് മുൻപായി കൃഷിഭവനിൽ രജിസ്റ്റർ ചെയ്യണം.ഗ്രാമഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കാർഷിക കർമ്മസേന പ്രസിഡന്റ് പത്മാധരൻ നായർ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശശിധരൻ നായർ , കൃഷി ഓഫീസർ സരിത ,ശിവദാസൻ നായർ, സുകുമാരൻ, പ്രദീപ്, സി.സുരേഷ്
എന്നിവർ സംസാരിച്ചു.