ആലപ്പുഴ: ബൈപ്പാസ് അപകടരഹിതമാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. ബൈപ്പാസിൽ തുടരെയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കഴിഞ്ഞദിവസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ബൈപ്പാസിൽ കാമറാ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന പ്രവർത്തികൾ 20 നുള്ളിൽ പൂർത്തിയാകും. ദേശീയപാത 6 വരിയായി മാറ്റുന്നതിന്റെ ഭാഗമായി നിലവിലുള്ള ബൈപ്പാസിനു സമാന്തരമായി പടിഞ്ഞാറു ഭാഗത്ത് മറ്റൊന്നുകൂടി പൂർത്തിയാകുന്നതോടെ ബൈപ്പാസിൽ വൺവേ സംവിധാനം നിലവിൽ വരുന്നത്. ഇതോടെ ബൈപ്പാസ് പൂർണമായും അപകടരഹിതമാക്കാനാകും. ഇതിനോടൊപ്പം സമാന്തര ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായുള്ള മണ്ണ് പരിശോധനക്കും തുടക്കമായി. കളർകോട് ജംഗ്ഷനിൽ കിഴക്കുഭാഗത്തും പടിഞ്ഞാറു ഭാഗത്തുമുള്ള ബസ് സ്റ്റോപ്പുകൾ 50 മീറ്ററിലധികം തെക്കോട്ടു മാറ്റി സുരക്ഷ ഉറപ്പാക്കും. ആലപ്പുഴ നഗരസഭ കൊമ്മാടി ജംഗ്ഷനിലെ ബസ് സ്‌റ്റോപ്പ് മാറ്റ് ആലപ്പുഴ നഗരസഭ പുനഃ സ്ഥാപിക്കും. പരിഷ്കരണത്തിന്റെ ഭാഗമായി എച്ച് സലാം എം.എൽ.എ ബൈപ്പാസ് സന്ദർശിച്ച് പുതിയ നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തി. പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എൻജിനീയർ ജോൺ കെന്നത്ത്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.എം.ബിനീഷ് കുമാർ, എ.എം.വി.ഐമാരായ വി.വിനീത്, എൻ.ശ്രീകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
..................
# റിമ്പിൾ സ്ട്രിപ്പ്
വളവുകളിൽ മഞ്ഞ വരകളിട്ട് റിഫ്‌ലക്ടർ സ്റ്റഡുകൾ (റിമ്പിൾ സ്ട്രിപ്പ് ) സ്ഥാപിച്ചു.റെയിൽവേ മേൽപ്പാലങ്ങൾ കടന്നു പോകുന്ന ഭാഗങ്ങളുടെ ആരംഭത്തിലും അവസാനത്തിലുമായി നാലിടങ്ങളിലാണ് ഇവ സ്ഥാപിക്കുന്നത്. വളവുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ഡിവൈഡർ എന്ന ആശയത്തിന് റോഡ്‌സ് സേഫ്ടി കോൺഗ്രസിന്റെ (ഐ.ആർ.സി) അംഗീകാരമില്ലാത്തതിനാൽ ഒഴിവാക്കി. റോഡ് സേഫ്ടി അതോറിട്ടിയും നാഷണൽ ഹൈവേ അതോറിട്ടിയും ചേർന്നുള്ള സംയുക്ത പരിശോധനയിൽ ഇവിടെ ആവശ്യമെങ്കിൽ കൂടുതൽ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തും.