
ആലപ്പുഴ: എം.സാൻഡുമായി വന്ന എയ്സ് ലോറി എ.എസ് കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ആര്യാട് തെക്ക് അവലൂക്കുന്ന് പനച്ചിക്കൽ വീട്ടിൽ ബെന്നഡിക്-മറിയാമ്മ ദമ്പതികളുടെ മകൻ ജോൺബോസ്കോ (27) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9മണിയോടെ പാതിരപ്പള്ളി ബണ്ടിന് സമീപമായിരുന്നു അപകടം.
ഈ ഭാഗത്തുള്ള വാഹനയാർഡിന് സമീപം ജോൺബോസ്കോ സഞ്ചരിച്ച എയ്സ് നിർത്തി. ഹാൻഡ് ബ്രേക്ക് ഇട്ടെങ്കിലും ശരിയായി വീഴാഞ്ഞതിനാൽ വാഹനം മുന്നോട്ട് നീങ്ങി. വാഹനത്തിന് പുറത്തിറങ്ങിയ ജോൺബോസ്കോ വാഹനം ഉരുളുന്നത് കണ്ട് തടഞ്ഞു നിർത്താൻ ശ്രമിക്കുന്നതിനിടെ വാഹനം കനാലിലേക്ക് മറഞ്ഞു. വാഹനത്തിന് അടിയിൽപ്പെട്ട ജോൺബോസ്കോയെ ഓടിക്കൂടിയ നാട്ടുകാർ വാഹനം ഉയർത്തി പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ നോർത്ത് പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് പരിശോധന ഫലം ലഭിച്ച ശേഷം പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പൂങ്കാവ് പള്ളി സെമിത്തേരിയിൽ നടക്കും. സഹോദരങ്ങൾ : ആന്റണി, റോബർട്ട്.