
മാന്നാർ: വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിയ്ക്കാൻ വീട്ടിലെത്തിയ മാന്നാർ കെ.എസ്.ഇ.ബിയിലെ തൊഴിലാളികളെ ഗൃഹനാഥൻ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ മാന്നാർ ടൗണിൽ പ്രകടനം നടത്തി. മാന്നാർ പാവുക്കര പോസ്റ്റോഫീസ് ജംഗ്‌ഷന് സമീപത്തെ വീട്ടിലെത്തിയ മാന്നാർ കെ.എസ്.ഇ.ബിയിലെ ലൈന്മാൻമാരായ ഉത്തമൻ, അമർജിത്ത്, വിജയൻ എന്നിവരെ കൈയേറ്റം ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ച് വാങ്ങി നിലത്തെറിയുകയും ചെയ്തതായി തൊഴിലാളികൾ പറഞ്ഞു. ഉത്തമന്റെ കൈക്ക് പരിക്കേറ്റു. പാവുക്കര തോലൻ പടവിൽ മനോജിനെതിരെ കെ.എസ്.ഇ.ബി മാന്നാർ പൊലീസിൽ പരാതി നൽകി. യാതൊരു പ്രകോപനവുമില്ലാതെയാണ് തങ്ങളെ ആക്രമിച്ചതെന്നും ലൈന്മാനായ ഉത്തമനെ മറ്റുള്ളവർ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും കെ.എസ്.ഇ.ബി തൊഴിലാളികൾ പരാതിയിൽ പറയുന്നു. മാന്നാർ പൊലീസ് കേസെടുത്തു.