
ചേർത്തല: ശ്രീനാരായണ കോളേജിലെ നാഷണൽ സർവീസ് സ്‌കീം, നെഹ്റു യുവ കേന്ദ്ര ആലപ്പുഴയുമായി ചേർന്ന് വർദ്ധിച്ചു വരുന്ന ജലമലിനീകരണത്തിനെതിരെ ബോധവത്കരണ സെമിനാർ നടത്തി. കേന്ദ്ര യുവജന മന്ത്റാലയത്തിന്റെ ''ജല സംവാദ്'' പരിപാടിയുടെ ഭാഗമായാണ് സെമിനാർ നടത്തിയത്. കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറും തണ്ണീർമുക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രവീൺ ജി.പണിക്കർ ഉദ്ഘാടനം ചെയ്തു. വേമ്പനാട് കായൽ പ്ലാസ്റ്റിക് മുക്തമാക്കാനും പറയൻചാൽ നവീകരണത്തിന് മുൻപന്തിയിൽ നിൽക്കുന്ന, തോട് നന്നായാൽ നാട് നന്നായി എന്നതിന്റെ പ്രചാരകനുമായ പരിസ്ഥിതി പ്രവർത്തകൻ ആർ.സബീഷ് ജലസംരക്ഷണ ക്ലാസ് നടത്തി. പ്രോഗ്രാം ഓഫീസർ ടി.ആർ.സരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു.നെഹ്റു യുവകേന്ദ്ര നാഷണൽ വോളണ്ടിയർ എസ്.ശിവമോഹൻ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ഡോ.രാജേഷ് കുനിയിൽ സ്വാഗതവും വോളണ്ടിയർ നിധിയ ജോൺ നന്ദിയും പറഞ്ഞു. വോളണ്ടിയർമാരായ അനന്തകൃഷ്ണൻ, അർജുൻ കൃഷ്ണ, അമൽ, വീണ ജി.പ്രകാശ്, സുരാജ്, ജാതവേദസ് എന്നിവർ സെമിനാറിന് നേതൃത്വം നൽകി.