
ആലപ്പുഴ: വിഷവിന് വിഷരഹിത പച്ചക്കറി വീട്ടമ്മമാരുടെ കൈകളിൽ എത്തിക്കാൻ കൃഷിവകുപ്പ് ഒരുങ്ങുന്നു. ജില്ലയിൽ 5.44ലക്ഷം പച്ചക്കറി തൈകളാണ് വിതരണം ചെയ്യുന്നത്. ഒരോ ബ്ളോക്കിലും 10,000 മുതൽ 25,000വരെ തൈകളാണ് വിതരണം ചെയ്യുന്നത്. വേനൽ കടുത്തതിനാൽ കാലാവസ്ഥക്ക് അനുകൂലമായ വെണ്ട, വഴുതന, പയർ, ചീര, കുമ്പളം, മുളക്, പാവൽ, പീച്ചിൽ, പടവലം, ചതുരപയർ, കുക്കുമ്പർ, പച്ചമുളക് ഇനത്തിൽ പെട്ട പച്ചക്കറി തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. 40ഹെക്ടർ സ്ഥലത്താണ് പച്ചക്കറി വിളവ് ഇറക്കുന്നത്. നിലവിൽ വിവിധ പദ്ധതികളിലായി 910ഹെക്ടർ സ്ഥലത്ത് കൃഷി ഇറക്കിയിരുന്നു. ഇപ്പോൾ കർഷകർക്ക് സൗജന്യമായി നൽകുന്ന ഒരു ഇനം പച്ചക്കറി തൈക്ക് 2.5 രൂപയാണ് വിലവരുന്നത്. 8320ടൺ വിളയാണ് വേനൽക്കാലത്ത് പ്രതീക്ഷിക്കുന്നത്. കൃഷി വകുപ്പിന് പുറമേ സി.പി.എം കമ്മിറ്റികളും സഹകരണസംഘങ്ങളും കുടുംബ ശ്രീയൂണിറ്റുകളും വിഷു ലക്ഷ്യമാക്കി പച്ചക്കറി കൃഷി ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ വരെ അടിക്കടിയുള്ള മഴയും വേലിയേറ്റവും കാരണം ജൈവ പച്ചക്കറി മേഖലയിൽ ഉത്പാദനത്തിൽ മുൻ വർഷത്തേക്കാൾ 50 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇതേതുടർന്ന് വേനൽക്കാല പച്ചക്കറി വിളവിറക്കുന്നതിൽ നിന്ന് കർഷകർ പിൻവാങ്ങിയിരുന്നു. വിത്തും തൈ ഇല്ലാത്തതിനാൽ കൃഷി ഇറക്കാതിരിക്കരുതെന്ന ലക്ഷ്യത്തോടെയാണ് തൈവിതരണം നടത്തുന്നത്. ഓണക്കാലത്ത് ഒരുമുറം പച്ചക്കറി കൃഷിക്കായി 15 ലക്ഷം പച്ചക്കറി തൈകളും 4ലക്ഷം വിത്തും വിതരണം ചെയ്തു. ഇതിനായി 83ലക്ഷം രൂപയാണ് ചെലവഴിച്ചത്. എന്നാൽ കാലവർഷക്കെടുതിയിൽ കുട്ടനാട്, അപ്പർ കുട്ടനാട്, ഓണാട്ടുകര, കരപ്പുറം എന്നിവിടങ്ങളിലെ ഭൂരിഭാഗം വിളകളും നശിച്ചിരുന്നു. വിഷരഹിത പച്ചക്കറികൾ വാങ്ങാൻ കൃഷിഭവന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാർഷിക വിപണന കേന്ദ്രങ്ങളിൽ വലിയ തിരക്കാണ്.
.........
# പുതിയ പദ്ധതികൾ
* സ്കൂൾ ഗാർഡൻ :115 യൂണിറ്റ്
ചെലവ്: 4ലക്ഷംരൂപ
* സ്ഥാപനങ്ങൾ: 19 യൂണിറ്റ്
ചെലവ്: 8ലക്ഷംരൂപ
* ക്ളസ്റ്റർ അഞ്ച് ഹെക്ടർ വീതം: 90 യൂണിറ്റ്
ചെലവ് :112.5ലക്ഷംരൂപ
* അഞ്ച് ഇന പച്ചക്കറി കിറ്റ്: 4,000 എണ്ണം
ചെലവ്: 2ലക്ഷം രൂപ
* ഗ്രോബാഗ്(25എണ്ണം): 3800യൂണിറ്റ്
ചെലവ്: 57 ലക്ഷംരൂപ
* ചെറിയ ക്ളസ്റ്റർ : 92യൂണിറ്റ്
ചെലവ്:53ലക്ഷംരൂപ
.........
# വിഷുക്കാല പച്ചക്കറി
തൈ വിതരണം :5.44 ലക്ഷം
ഒരു തൈയ്യുടെ വില: ₹ 2.5
.............
''കാലാവസ്ഥ വ്യതിയാനം മൂലം കഴിഞ്ഞ വർഷത്തേക്കാൾ പച്ചക്കറി കൃഷിയിറക്കിയ കർഷകരുടെ എണ്ണം കുറവാണ്. ജില്ലയിൽ വേനൽക്കാല പച്ചക്കറികൃഷിക്കായി 5.44 ലക്ഷം വിവിധയിനം തൈകൾ ഉടൻ വിതരണം ചെയ്യും. ഓണാട്ടുകര പ്രദേശത്താണ് കൂടുതൽ വിളവ് ഇറക്കിയിരിക്കുന്നത്.
ശ്രീരേഖ, പ്രിൻസിപ്പൽ കൃഷി ഓഫീസർ.