ആലപ്പുഴ: ഇടത്തോടുകളിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനാൽ കുട്ടനാട് അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷി ഇറക്കിയ കർഷകർ ആശങ്കയിൽ. ജലനിരപ്പ് താഴ്ന്നതിനാൽ 40മുതൽ 50വരെ ദിവസം പ്രായമായ നെൽചെടികൾക്ക് വെള്ളകയറ്റാനാകാതെ കർഷകർ വലയുകയാണ്. എന്നാൽ ആറുകളോട് ചേർന്നുള്ള കർഷകർ ആശ്വാസത്തിലാണ്. പല ഇടതോടുകളിലും കൃഷിയിടത്തേക്കാൾ ഒന്നരയടി വെള്ളം കുറവായതിനാൽ പാടശേഖരത്തേക്ക് വെള്ളം കയറ്റാനാകാതെ വിഷമിക്കുകയാണ്. ചൂട് കടുത്തതോടെ നെൽചെടികൾ കരിഞ്ഞു തുടങ്ങിയിട്ടുണ്ട്. രണ്ടാം വളം ഇടാൻ പ്രായമായ നെൽചെടികൾക്കാണ് വെള്ളം കയറ്റാനാകാത്തത്. പാടശേഖരങ്ങളിൽ മണ്ണിന് പുളിപ്പ് രസം വ്യാപിക്കുന്നത് വിളയെ ബാധിക്കുന്നുണ്ട്.പുളിരസം കുറയ്ക്കാൻ നീറ്റുകക്ക പ്രയോഗവും പോളിയർ തളിക്കലും കർഷകർ ചെയ്യുന്നുണ്ടെങ്കിലും വെള്ളം കയറ്റിനിർത്താനാകത്തിനാൽ ഫലപ്രദമാകുന്നില്ലെന്നാണ് കർഷകർ പറയുന്നത്. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെയും കൃഷിവകുപ്പിന്റെയും നിർദേശപ്രകാരം ഇതിനെതിരെ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുതുടങ്ങിയെങ്കിലും കാര്യമായ ഗുണം ലഭിക്കുന്നില്ല. പുഞ്ചകൃഷി ഇറക്കിയ 80 ശതമാനം പാടശേഖരങ്ങളിലും ഇടത്തോടുകളിൽ ജലനിരപ്പ് കുറവാണ്. ഏക്കറിന് 30000 മുതൽ 40000 രൂപയിലധികം ചെലവഴിച്ചാണ് കൃഷിയിറക്കിയത്.കാലം തെറ്റിയിറക്കിയ കൃഷിക്ക് ഓരുജല ഭീഷണിയും നേരിടുന്നുണ്ട്.

........

#അടയാത്ത പൊഴി

സാധാരണ ഒക്ടോബറിലോ നവംബറിലോ തോട്ടപ്പള്ളി പൊഴിമുഖം അടയുക. ഇത്തവണ പൊഴിമുഖം അടായത്തതിനാൽ വേലിയേറ്റസമയത്ത് കടലിൽ നിന്നുള്ള ഉപ്പുവെള്ളം കയറി ലീഡിംഗ് ചനാൽ വഴി കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നെൽകൃഷിക്ക് ഭീഷണി ഉയർത്തുന്നു. പൊഴിമുഖം അടയാതെ വന്നാൽ സാധാരണ മണൽ ചാക്ക് നിരത്തി അടക്കുകയാണ് പതിവ്. തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് നീക്കുന്ന മണൽ ലോറിയിൽ ഐ.ആർ.ഇയിലേക്ക് കൊണ്ടുപോകുന്നത് കൃഷിക്ക് ദോഷകരമാണ്. കർഷകർ പ്രതിഷേധവുമായി രംഗത്ത് എത്തിയെങ്കിലും പ്രളയത്തിന്റെ പേരിൽ മണൽ കടത്ത് വ്യാപകമാണ്. ഇതുവഴി കയറുന്ന ഉപ്പുവെള്ളമാണ് പുഞ്ചകൃഷിക്ക് ഭീഷണി ഉയർത്തുന്നത്. ജലാശയങ്ങളിൽ പലയിടത്തും ഉപ്പിന്റെ സാന്ദ്രത ഒന്നുമുതൽ 2.8ശതമാനം വരെയാണ്.

....................

വിത പൂർത്തികരിച്ചത്: 20,000 ഹെക്ടർ

നെൽചെടികളുടെ പ്രായം: 40- 50ദിവസം വരെ

.......

''ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടതോടുകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ശരിയായ രീതിയിൽ വെള്ളം കയറ്റിയിറക്കാൻ കഴിയുന്നില്ല. പാടശേഖരങ്ങളിൽ പുളിരസത്തിനുള്ള മിശ്രലായനി പ്രയോഗം ആരംഭിച്ചു.

മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം അധികൃതർ