
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള ഒൻപത് ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ 2022-23 അദ്ധ്യയന വർഷം അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെയാണ് പരിഗണിക്കുന്നത്. രക്ഷിതാക്കളുടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയോ അതിൽ കുറവോ ആയിരിക്കണം.
പുന്നപ്ര (ആലപ്പുഴ- മലയാളം മീഡിയം, പെൺകുട്ടികൾ), തൃത്താല (പാലക്കാട്- മലയാളം മീഡിയം, പെൺകുട്ടികൾ), മരുതോങ്കര (കോഴിക്കോട്- ഇംഗ്ലീഷ് മീഡിയം, പെൺകുട്ടികൾ), കീഴ് മാട് (എറണാകുളം), വടക്കാഞ്ചേരി (തൃശ്ശൂർ), പെരിങ്ങം (കണ്ണൂർ), വെള്ളച്ചാൽ (കാസർകോട്- മലയാളം മീഡിയം, ആൺകുട്ടികൾ), ചേലക്കര (തൃശ്ശൂർ), കുഴൽമന്ദം(പാലക്കാട്- ഇംഗ്ലീഷ് മീഡിയം, ആൺകുട്ടികൾ) എന്നിവയാണ് സ്‌കൂളുകൾ. വിദ്യാർത്ഥിയുടെ ജാതി, വാർഷിക കുടുംബവരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം രക്ഷിതാക്കൾ അപേക്ഷ സമർപ്പിക്കണം. ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ജില്ലാ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും പുന്നപ്ര മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 10.