
വെൺമണി: കാർഷിക സമൃദ്ധിയെക്കുറിച്ച് ജനപ്രതിനിധികളും ജനങ്ങളും കണ്ടിരുന്ന സ്വപ്നങ്ങൾ സാക്ഷാത്കാരത്തിന്റെ വഴിയിലെത്തിയിരിക്കുകയാണെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വെണ്മണി കോമൻകുളങ്ങര പാടശേഖരത്തിലെ വിവിധ പദ്ധതികളും നെൽകൃഷി വിതയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളായി കൃഷിയില്ലാതിരുന്ന പാടത്താണ് വിത്തുവിതച്ചത്. സമ്പൂർണ നെൽകൃഷി പദ്ധതിയായ സമൃദ്ധിയിൽ ഉൾപ്പെടുത്തിയാണ് കോമൻകുളങ്ങര പാടശേഖരത്തിൽ വിവിധ വികസന പരിപാടികൾ നടപ്പാക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ച് മൂന്നു കൾവർട്ടുകളുടെ നിർമാണത്തിനും ഇതോടനുബന്ധിച്ച് തുടക്കം കുറിച്ചു.
കേരള ലാൻഡ് ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെ.എൽ.ഡി.സി) ചെയർമാൻ പി.വി. സത്യനേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സി. സുനിമോൾ തുടങ്ങിയവർ പങ്കെടുത്തു.