
അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ തകഴിയിൽ മാറ്റി സ്ഥാപിക്കുന്ന പ്രവർത്തികൾക്ക് തുടക്കമായി. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ തകഴിയിലെ കേളമംഗലത്തു നിന്ന് പടിഞ്ഞാട്ട് 440 മീറ്റർ ഭാഗത്തെ പ്രർത്തികൾക്കാണ് ഇന്നലെ തുടക്കമായത്.ഈ ഭാഗത്തെ ഗുണനിലവാരമില്ലാത്ത പൈപ്പുകൾ മാറ്റി സ്ഥാപിക്കും. ആദ്യ ഘട്ടത്തിൽ പൈപ്പിടൽ പൂർത്തിയായതിന് ശേഷമേ തുടർന്നുള്ള ഭാഗങ്ങളിൽ പൈപ്പിടുന്നതിനുള്ള കുഴികൾ എടുക്കൂ. പാതയോരത്ത് ടൈൽ നിരത്തിയ ഭാഗത്താണ് കുഴിയെടുപ്പ് ആരംഭിച്ചത്. പുറത്തും അകത്തും സിമിന്റ്, ചരൽ, ചെറിയ കമ്പികൾ എന്നിവയുടെ കോട്ടിങ്ങുള്ള കോൺക്രീറ്റ് ലൈനിങ്ങോടുകൂടിയതും തുരുമ്പുപിടിക്കാത്തതുമായ ഗുണനിലവാരമുള്ള പൈപ്പുകളാണ് സ്ഥാപിക്കുക. കുടിവെള്ള ലഭ്യത ഉറപ്പു വരുത്തി വേണം ആദ്യഘട്ട പ്രവർത്തികൾ പൂർത്തിയാക്കാനെന്ന് സ്ഥലം സന്ദർശിച്ച എച്ച് .സലാം എം. എൽ. എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയർ എ. ഷീജ, പ്രൊജക്ട് എക്സിക്യൂട്ടീവ് എൻജിനീയർ ജയരാജ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഹഷീർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം മനു എന്നിവർ ഒപ്പമുണ്ടായിരുന്നു.