കായംകുളം: കായംകുളം നഗരസഭയിൽ യു.ഡി.എഫ് നടത്തിവരുന്ന സമരം അഴിമതി നടത്തുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും വേണ്ടിയാണന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം കുറ്റപ്പെടുത്തി.
നഗരസഭയിലെ 44 വാർഡുകളിലും ജനകീയാസൂത്രണ പദ്ധതി പ്രകാരം മരാമത്ത് വർക്കുകൾ ചെയ്യാൻ ഫണ്ട് അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് മരാമത്ത് പദ്ധതികൾ നടന്നു വരുകയുമാണ്. 17 കോടിയോളം രൂപയുടെ മരാമത്ത് ജോലികളാണ് നടന്ന് വരുന്നത്.
28-ാം വാർഡിൽ നഗരസഭ അംഗീകരിച്ച നിലവിലുള്ള വർക്കുകൾ ചെയ്യുന്നതിന് പകരം മാറി ചെയ്തു. പൊതുമരാമത്ത് വിഭാഗം അറിയാതെയാണ് മാറ്റം വരുത്തിയത്. ഒരു ബിനാമി കോൺട്രാക്ടർ ആണ് ഈ വർക്ക് ചെയ്തത്. എന്നിരുന്നാലും ചെയ്ത പ്രവൃത്തിയെ സംബന്ധിച്ച് എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ റിപ്പോർട്ട് കിട്ടിയാൽ അനുവാദം കൊടുക്കാമെന്ന് മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റിയും, മുനിസിപ്പൽ ചെയര്‍പേഴ്സണും അറിയിച്ചിട്ടുള്ളതാണ്.
വികസനത്തെ തടസ്സപ്പെടുത്തുകയെന്നുള്ള ലക്ഷ്യത്തോടെയാണ് കള്ളപ്രചരണം നടത്തുന്നതെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ പി. ശശികല, വൈസ് ചെയർമാൻ ജെ. ആദർശ്,എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ പി.ഹരിലാൽ എന്നിവർ പറഞ്ഞു.