
ആലപ്പുഴ: വിദ്യാകരണം പദ്ധതി പ്രകാരം ജില്ലയിൽ നിർമിച്ച പൂന്തോപ്പിൽ ഭാഗം സർക്കാർ യു.പി. സ്‌കൂളിന്റെയും തലവടി സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന്റെയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. സംസ്ഥാനത്തെ മറ്റ് 51 സ്‌കൂളുകളുടെ ഉദ്ഘാടനവും നടന്നു.
സർക്കാരിന്റെ രണ്ടാം നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായാണ് നിർമാണം നടന്നത്.
പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സമഗ്രമായി ഉൾക്കൊള്ളുന്ന വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൂന്തോപ്പിൽ ഭാഗം സ്‌കൂളിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മുനിസിപ്പൽ ചെയർ പേഴ്സൺ സൗമ്യ രാജ്, മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ വിനീത, കൗൺസിലർമാരായ മെഹബൂബ്, ഗോപിക വിജയപ്രസാദ്, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡി.എം. രജനീഷ്, കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ ഋഷി നടരാജൻ, ഡി.ഇ.ഒ കെ. മധുസൂദനൻ, മറ്റ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തലവടി സ്‌കൂളിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ ശിലാഫലകം ആനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.വി. പ്രിയ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ, ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക് രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജിമോൾ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഡയറ്റ് പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന കെ.ജെ. ബിന്ദു, വിദ്യാകിരണം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എ.കെ. പ്രസന്നൻ, എ.ഇ.ഒ ജാൻസി ജോൺ തുടങ്ങിയവർ പങ്കെടുത്തു.