beach

ആലപ്പുഴ: ഭാര്യ മരണപ്പെട്ടതിലെ മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്യാൻ വിഷവുമായി കടൽത്തീരത്തെത്തിയ യുവാവിനെ പൊലീസ് സംഘം രക്ഷിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45ന് ആലപ്പുഴ ബീച്ചിലായിരുന്നു സംഭവം. ആറ് മാസം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. മക്കളില്ല. മാനസികപ്രയാസം മൂലം ആത്മഹത്യ ചെയ്യാനെത്തിയതാണെന്ന് 48കാരനായ യുവാവ് പൊലീസിനോട് പറഞ്ഞു. തീരത്തോട് ചേർന്ന് കൈയിൽ പൊതിയുമായി ഒരാൾ നിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് ടൂറിസം എസ്.ഐ പി.ജയറാം, സി.പി.ഒമാരായ ബിജുവിൻസന്റ്, സീമ, കോസ്റ്റൽ വാർഡൻ രഞ്ജിത്ത് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. സൗത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ കൗൺസലിംഗ് നൽകിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.