
മാന്നാർ: എയര്‌ഫോഴ്‌സിൽ കാൽ നൂറ്റാണ്ടത്തെ സേവനത്തിന് ശേഷം പരമേശ്വരൻ ഇപ്പോൾ എള്ളുകൃഷിയുടെ തിരക്കിലാണ്. മാന്നാർ ഗ്രാമപഞ്ചായത്തിൽ പതിനെട്ടാംവാർഡിൽ പൊതുവൂർ ഭാഗത്തെ അര ഏക്കറിലാണ് ഈ വിംഗ് കമാൻഡറിന്റെ വേറിട്ട കൃഷി പരീക്ഷണം.
വാഴയും പയറും വെണ്ടയും ചോളവും നെല്ലുമൊക്കെയാണ് സാധാരണ കൃഷി ചെയ്തുവന്നിരുന്നത്. അന്യമായിക്കൊണ്ടിരിക്കുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുകയും അതുവഴി പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ലക്ഷ്യമെന്ന് പറയുന്നു പരമേശ്വരൻ.
ഭാരിച്ച കൂലിച്ചെലവും തൊഴിലാളികളുടെ ദൗർലഭ്യവുമാണ് എള്ളുകൃഷിയിൽ നിന്നും കർഷകർ അകലുന്നതിനു കാരണമായി പരമേശ്വരന് പറയാനുള്ളത്. ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ കണ്ടയിന്റ്‌മെന്റ് സോണിൽപെട്ടതുമൂലം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ പരിപാലിക്കാൻ കഴിയാതിരുന്നതുമൂലം കുരട്ടിക്കാട്ടിലെ തന്റെകൃഷിയിടത്തിലെ പയറും,വെണ്ടയും,പാവലുമെല്ലാം നശിച്ചതിന്റെ വേദനയും ഇദദേഹം പങ്കുവയ്ക്കുന്നു. കൃഷിഭവനിൽ നിന്നും ലഭിക്കുന്ന പിന്തുണയും എള്ള്കൃഷിക്ക് സഹായകമാകുന്നു. കഴിഞ്ഞദിവസം മാന്നാർ കൃഷിഓഫീസർ പി.സി ഹരികുമാർ കൃഷിയിടത്തിൽ നേരിട്ടെത്തി വേണ്ട നിർദ്ദേശങ്ങൾ നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
മാന്നാർ നായർ സമാജം സ്‌കൂൾ മൈതാനത്തിനോട് ചേർന്നുള്ള 'തണൽ' വീട്ടിൽ ഒരു ചെറിയ വനംതന്നെ ഒരുക്കിയിരിക്കുകയാണ് ഈ പ്രകൃതിസ്‌നേഹി. മഴവെള്ള സംഭരണിയും ജലപുനരുപയോഗത്തിനുള്ള മാർഗങ്ങളും പരിചയപ്പെടുത്തുവാനുള്ള ശ്രമവും നടത്തുന്നു. കോട്ടക്കൽ ശങ്കരപ്പിള്ളയും തോട്ടത്തിൽ സരോജിനി കുഞ്ഞമ്മയുമാണ് പരമേശ്വരൻന്റെ മാതാപിതാക്കൾ. എയര്‌ഫോഴ്‌സിൽ ടീച്ചറായിരുന്ന അനിതയാണ് ഭാര്യ. മകൾ ഹേമ രമേശ്.
......................
റിട്ടയർമെന്റ് ജീവിതം വെറുതെകളയാത്ത ഒരുഫുൾടൈം കൃഷിക്കാരനാണ് പരമേശ്വരൻ. കൃഷിയെകുറിച്ച് കൂടുതൽ അറിവുകൾ മറ്റുള്ളവർക്ക് പകർന്നുനൽകാൻ കഴിയുന്ന അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്.
പി.സി ഹരികുമാർ, മാന്നാർ കൃഷിഓഫീസർ
.............................
മാന്നാർ ഗ്രാമപഞ്ചായത്തിൽ പതിനെട്ടാംവാർഡിൽ പൊതുവൂർ ഭാഗത്ത് തന്റെ അരയേക്കറോളം സ്ഥലത്ത് എള്ള് കൃഷി ചെയ്ത് ശ്രദ്ധേയനാവുകയാണ് വിംഗ്കമാന്റർ പരമേശ്വരൻ എന്ന ലാലു. എയര്‌ഫോഴ്‌സിൽ 25 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം കൃഷിയുടെ വ്യത്യസ്ഥ തലങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഈ കർഷകൻ. വാഴയും പയറും വെണ്ടയും ചോളവുമൊക്കെ കൃഷിചെയ്യുന്ന ഈ വിംഗ്കമാന്റർ എള്ള്കൃഷിയുടെ തിരക്കിലാണിപ്പോൾ. മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലെ പാവുക്കര വേഴത്താർ പാടശേഖരത്തിൽ നെൽകൃഷിയും ചെയ്തു വരുന്നുണ്ട്. അന്യമായിക്കൊണ്ടിരിക്കുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുകയും അതുവഴി പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ശ്രമകരമായ ദൗത്യംകൂടി ഈ എള്ള്കൃഷിക്ക് പിന്നിലുണ്ടെന്ന് പരമേശ്വരൻ പറയുന്നു.