മാന്നാർ: കഴിഞ്ഞ എട്ടുവർഷക്കാലമായി തരിശായി കിടന്ന മാന്നാർ കുട്ടമ്പേരൂ കണ്ണൻകുഴി പാടശേഖരം മാന്നാർകൃഷിഭവന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പച്ചപ്പണിയുന്നു. മാന്നാർഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും കുട്ടമ്പേരൂർ നെല്ല് ഉത്പാദകസമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കണ്ണൻകുഴി പാടശേഖരം വിത മഹോത്സവം ഇന്ന് രാവിലെ 9 നു സംസ്ഥാന ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരി അദ്ധ്യക്ഷത വഹിക്കും. പുതുതലമുറയുടെ കൃഷിയുടെ ആവശ്യത്തെക്കുറിച്ച് മാന്നാർ സംയുക്ത പാടശേഖര സമിതി പ്രസിഡന്റ് പ്രൊഫ.പി.ഡി ശശിധരൻ സംസാരിക്കും. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് മുഖ്യപ്രഭാഷണം നടത്തും. ചെങ്ങന്നൂർ കൃഷി അസി.ഡയറക്ടർ എസ.ഗീത പദ്ധതി വിശദീകരണം നടത്തും. മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാർ റിപ്പോർട്ട് അവതരിപ്പിക്കും. മാന്നാർ ഗ്രാമപഞ്ചായത്തംഗം അനീഷ് മണ്ണാരേത്ത്, കുട്ടമ്പേരൂർ നെല്ല് ഉത്പാദകസമിതി പ്രസിഡന്റ് വി. രാമൻപിള്ള എന്നിവരെ ചടങ്ങിൽ ആദരിക്കും. ഗ്രാമബ്ലോക്ക്ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, കർഷകർ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.