nehru-trophy

ആലപ്പുഴ: 2011ലെ നെഹ്റുട്രോഫി ജലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ദേവസ് ചുണ്ടനെ അയോഗ്യരാക്കി​ രണ്ടാംസ്ഥാനക്കാരായ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചു. ദേവസിലെ തുഴച്ചിൽക്കാർ നിബന്ധനകൾ തെറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടി കാരിച്ചാൽ ഹൈക്കോടതിയെ സമീപിച്ചതി​നെത്തുടർന്ന് കഴിഞ്ഞ ഡിസംബറിൽ കോടതി​ നി​ർദ്ദേശപ്രകാരം നിയോഗിച്ച ജില്ലാ കളക്ടർ എ. അലക്സാണ്ടർ അദ്ധ്യക്ഷനായ സമി​തി​യുടേതാണ് തീരുമാനം. കാരിച്ചാൽ ചുണ്ടൻ ഒന്നാം സ്ഥാനത്തേക്ക് എത്തുന്നതോടെ മൂന്നാം സ്ഥാനക്കാരായ മുട്ടേൽ കൈനകരിക്ക് രണ്ടാം സ്ഥാനം ലഭിക്കും. നാലാമതായി ഫിനിഷ് ചെയ്ത പായിപ്പാടൻ ചുണ്ടന് മൂന്നാം സ്ഥാനവും നൽകും.

നെഹ്‌റു ട്രോഫി ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. മത്സരത്തിൽ യൂണിഫോമായി നിശ്ചയിച്ചിരുന്ന കൈയില്ലാത്ത ബനിയൻ ദേവസ് ചൂണ്ടനിലെ തുഴച്ചിൽക്കാർ ധരിച്ചിരുന്നില്ലെന്നും വ്യവസ്ഥകൾ ബോധപൂർവ്വം ലംഘിച്ചെന്നും സമിതി കണ്ടെത്തി. മത്സരം തുടങ്ങുന്നതിനു മുൻപ് യൂണിഫോം ധരിച്ചിരിക്കണമെന്ന് ചീഫ് സ്റ്റാർട്ടറുടെ നിർദ്ദേശവും അവഗണിച്ചു. ദേവസ് ചുണ്ടന്റെ ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ക്യാപ്റ്റൻസ് ക്ലിനിക്കിൽ പങ്കെടുക്കാതിരുന്നത് നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും വിലയിരുത്തി. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, അഡി. ജില്ലാ മജിസ്ട്രേറ്റ് ജെ.മോബി, ജില്ലാ ഗവ. പ്ലീഡർ വിധു എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടുകൊല്ലമായി മാറ്റിവച്ചിരുന്ന നെഹ്റുട്രോഫി ജലോത്സവം ഇക്കൊല്ലം നവംബറിൽ നടത്താനും ജില്ലാ ഭരണകൂടത്തിന് ആലോചനയുണ്ട്.