മാന്നാർ: ചൂട് കഠിനമായതോടെ അപ്പർ കുട്ടനാടൻ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കിണറുകൾ വറ്റിത്തുടങ്ങിയത് കാരണം കുടിവെള്ളത്തിന് ജനങ്ങൾ നെട്ടോട്ടമോടുകയാണ്. ഉള്ള വെള്ളം ഉപയോഗിക്കാൻ കഴിയാത്ത നിലയിലാണ് ജനങ്ങൾ.
കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ മാന്നാർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളം ടാങ്കുകളിൽ എത്തിച്ച് നൽകേണ്ട സ്ഥിതിയാണ്. പടിഞ്ഞാറൻ മേഖലകളിലാണ് സ്ഥിതി രൂക്ഷം. കുരട്ടിശേരി വില്ലേജ് ഓഫീസിന്റെ പരിസരത്തെ വീടുകളിലെ കിണർവെള്ളം ഉപയോഗിക്കാൻ കഴിയാത്ത വിധം ചെളികലർന്ന് ചുവപ്പ് നിറമായതായി പ്രദേശവാസികൾ പറഞ്ഞു.
മാന്നാർ ടൗണിലും പരിസര പ്രദേശത്തും വാട്ടർ അതോറിട്ടി പൈപ്പ്ലൈനിലൂടെ എത്തുന്ന കുടിവെള്ളത്തിന്റെ വരവിന്റെ ശക്തിയും കുറഞ്ഞു. കടപ്ര പഞ്ചായത്തിലെ പരുമലയിലേക്ക് 500 മീറ്ററോളം പൈപ്പ്ലൈൻ മാന്നാർ ടൗണിലൂടെയാണ് കടന്നു പോകുന്നത്. നേരത്തെ ഈ ലൈനിൽ നിന്നും പന്നായികടവു മുതൽ പരുമലകടവു വരെ ഹൗസ് കണക്ഷൻ നൽകിയിരുന്നു. എന്നാൽ പുതിയ പൈപ്പ് ഇട്ടപ്പോൾ ഈ കണക്ഷനുകൾ കട്ട്ചെയ്തതിനാൽ നിരവധി വീട്ടുകാർ കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്നു.
പ്രശ്നപരിഹാരം നീണ്ടു പോയാൽ സമരരംഗത്തിറങ്ങുവാനാണ് നാട്ടുകാരുടെ ആലോചന.
...................................................................................
വാട്ടർ അതോറിട്ടിയുടെ കുടിവെള്ളം ആശ്രയിക്കുന്നവർക്ക് ലൈനിൽ വ്യാസംകൂടിയ പൈപ്പിട്ട് പ്രശ്നം പരിഹരിക്കാൻ വേണ്ടനടപടികൾ സ്വീകരിക്കണം
ടി കെ.ഷാജഹാൻ ,
യു. ഡി. എഫ് മാന്നാർ മണ്ഡലം കൺവീനർ
...............................................................................
പ്രഷർ കുറഞ്ഞ് ജലജീവൻ
ജലജീവൻ പദ്ധതി തുടങ്ങുന്നതിനു മുമ്പ് ടൗണിലെ ഒരു വീടിന്റെ രണ്ടാം നിലയിൽവരെ മോട്ടോർ അടിക്കാതെ തന്നെ ടാങ്കിൽ വെള്ളം എത്തുമായിരുന്നു. ജലജീവൻ പദ്ധതിവഴി നാലിഞ്ചു പൈപ്പിലൂടെ 400ലധികം വീട്ടുകാർക്ക് കണക്ഷൻ നൽകിയതാണ് വെള്ളത്തിന്റെ ഫോഴ്സ് കുറയാൻ കാരണം. എന്നാൽ ഇപ്പോൾ മീറ്റർ ബോക്സിനടുത്ത് കൊടുത്തിട്ടുള്ള പൊക്കം കുറഞ്ഞ ടാപ്പിൽനിന്ന് മാത്രമെ വെള്ളം ലഭിക്കുന്നുള്ളുവെന്ന് ഉപഭോക്താക്കൾ പറയുന്നു. ഒരു ബക്കറ്റ് വെള്ളം ലഭിക്കുവാൻ സമയം ഏറെ വേണ്ടിവരും.