
ആലപ്പുഴ: സംസ്ഥാനത്തെ ഡോഗ് സ്ക്വാഡുകളിലെ നായ്ക്കളിൽ ഏറ്റവും മിടുക്കിയായി ആലപ്പുഴയിലെ ലിസി. സംസ്ഥാന പോലീസ് മേധാവിയുടെ 'മെഡൽ ഒഫ് എക്സലൻസ്' അവാർഡാണ് ആന്റി നാർക്കോട്ടിക് സ്നിഫർ ഡോഗ് ലിസിയ്ക്ക് ലഭിച്ചത്.
കേരള പൊലീസ് അക്കാദമിയിൽ നടന്ന പ്രത്യേക ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അവാർഡ് നൽകി.
2018 മുതൽ 2021 വരെ നടത്തിയിട്ടുള്ള മികച്ച സേവനത്തിന് സംസ്ഥാനതലത്തിൽ നിന്നുമാണ് ലിസിയെ മെഡലിനായി തിരഞ്ഞെടുത്തത്. ലിസിയ്ക്ക് മികച്ച പരിശീലനം നൽകിയ പരിശീലകരായ മനേഷ് കെ. ദാസിനും ധനേഷ് പി. കെ യ്ക്കും സർട്ടിഫിക്കറ്റ് ഒഫ് എക്സലൻസും സംസ്ഥാന പൊലീസ് മേധാവി നൽകി.
ആലപ്പുഴയിലെ നിരവധി പൊലീസ് സ്റ്റേഷൻ പരിധികളിൽ ഒട്ടേറെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ പിടികൂടി പ്രശസ്തയാണ് ലിസി. കഴിഞ്ഞവർഷം സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഓണറിനും അർഹയായിട്ടുണ്ട്.