
മാവേലിക്കര : ദുരന്തങ്ങളെ നേരിടാൻ സജ്ജമായ സേനയായി കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സ് മാറണമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമബോർഡ്, പഞ്ചായത്ത് നഗരസഭാ തലങ്ങളിൽ രൂപീകരിക്കുന്ന കേരള വോളണ്ടറി യൂത്ത് ആക്ഷൻ ഫോഴ്സിന്റെ ക്യാപ്ടൻമാരായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പരിശീലന ക്യാമ്പ് മാവേലിക്കര പുന്നമൂട് ജീവാരാം ബഥനി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എം.എസ് അരുൺകുമാർ എം.എൽ.എ അധ്യക്ഷനായി. വാർഡ് കൗൺസിലർ ശ്യാമളാദേവി, ഗ്രാമപഞ്ചായത്തംഗം എസ് ശ്രീകുമാർ, യുവജനക്ഷേമ ബോർഡംഗം എസ് ദീപു, ജില്ലാ കോർഡിനേറ്റർ ജയിംസ് ശാമുവേൽ, ആർ.എസ്. ചന്ദ്രികാദേവി എന്നിവർ സംസാരിച്ചു. പരിശീലന ക്യാമ്പ് 13 ന് സമാപിക്കും. 13ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ് ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോർഡംഗം എസ് ദീപു അധ്യക്ഷനാവും. എം.എൽ.എമാരായ യു.പ്രതിഭ, രമേശ് ചെന്നിത്തല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി എന്നിവർ വിവിധ ദിവസങ്ങളിൽ ക്യാമ്പ് സന്ദർശിക്കും