kuttanadu

പ്രഖ്യാപനങ്ങൾ കൊണ്ട് പണിത സ്വർണക്കോട്ട കലക്കവെള്ളത്തിൽ ഒഴുകിപ്പോയ ഗതിയിലാണ് കുട്ടനാടൻ ജനത. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം ഒന്നാം കുട്ടനാട് പാക്കേജ് പദ്ധതിയും പണവും വെള്ളത്തിൽ വരച്ച വരപോലെ ആയെങ്കിലും, രണ്ടാം കുട്ടനാട് പാക്കേജ് എന്ന വാഗ്ദാനം കുട്ടനാട്ടുകാർക്ക് പ്രതീക്ഷയ്ക്ക് വകനൽകിയിരുന്നു. 2020 സെപ്റ്റംബർ 17നായിരുന്നു 2447.66 കോടി രൂപയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ഒന്നരവർഷം പിന്നിടുമ്പോഴും പദ്ധതി നടത്തിപ്പിനുള്ള നടപടികളിൽ ചലനമുണ്ടായിട്ടില്ല. ജലവിഭവം, കൃഷി, ഫിഷറീസ്, ടൂറിസം ഉൾപ്പടെ വിവിധ വകുപ്പുകളുമായി ചർച്ച നടത്തി സംസ്ഥാന ആസൂത്രണ ബോർഡാണ് വിശദമായ പദ്ധതി രേഖ തയാറാക്കിയത്.

291 കോടിയുടെ കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിക്ക് വേണ്ടി മാത്രമാണ് ഫണ്ട് അനുവദിച്ചത്. കേന്ദ്ര സർക്കാരിന്റെ 45 ശതമാനവും പഞ്ചായത്തുകളുടെയും ഉപഭോക്താക്കളുടെയും വിഹിതവും വാങ്ങുന്ന കുടിവെള്ള പദ്ധതിയെ കുട്ടനാട് പാക്കേജിന്റെ ഭാഗമായി കണക്കാക്കാനാവില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വെള്ളപ്പൊക്കം തടയാനും പുറംബണ്ട് നിർമ്മിക്കാനുമായി 74 കോടി രൂപ, കായൽ ശുചീകരണത്തിന് 10 കോടി, കൃഷിക്ക് 20 കോടി, ഉൾനാടൻ മത്സ്യകൃഷിക്ക് 11 കോടി, താറാവ് കൃഷിക്ക് ഏഴുകോടി, തോട്ടപ്പള്ളി സ്പിൽവേ വികസനത്തിന് 280 കോടി, എ.സി റോഡ് നവീകരണത്തിന് 450 കോടി, കുടിവെള്ള പദ്ധതിക്ക് 291 കോടി തുടങ്ങി 2400 കോടിയുടെ പദ്ധതി രേഖ പ്ലാനിംഗ് ബോർഡ് തയാറാക്കിയിട്ടുണ്ട്‌. വിവിധ വകുപ്പുകൾക്കാണ് പദ്ധതി നിർവഹണ ചുമതല. ഇതിന് പകരം ഒരും പൊതുസംവിധാനത്തിലേക്ക് ഏകോപനം വന്നില്ലെങ്കിൽ രണ്ടാം പാക്കേജും നഷ്ടമാകുമോ എന്ന ഭയം കുട്ടനാട്ടുകാർക്കുണ്ട്.

കുട്ടനാട് പാക്കേജിന്റെ മേൽനോട്ടത്തിന് വേണ്ടി പ്രത്യേകം മന്ത്രി വേണമെന്ന ആവശ്യം ശക്തമാണ്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായാണ് പാക്കേജ് നടപ്പിലാക്കുക. ആലപ്പുഴ ജില്ലാ കളക്ടർ ചെയർമാനും, ജില്ലാ കൃഷി ഓഫീസർ കൺവീനറുമായുള്ള ഏകോപനസമിതിയെ കുട്ടനാടിന് വേണ്ടി നിയോഗിച്ചിരുന്നെങ്കിലും, പാക്കേജ് നടത്തിപ്പിൽ സമിതിക്ക് നേരിട്ട് ഇടപെടാനാകുമോ എന്ന് വ്യക്തതയില്ല.

ഒന്നാം കുട്ടനാട് പാക്കേജ്

കുട്ടനാടിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് ഉമ്മൻചാണ്ടി സർക്കാരാണ് 1840 കോടിയുടെ ഒന്നാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചത്. കൃഷി ശാസ്ത്രജ്ഞൻ ഡോ.എം.എസ്.സ്വാമിനാഥൻ മുൻകൈയെടുത്താണ് പദ്ധതി ആവിഷ്ക്കരിച്ചത്. പുറംബണ്ട് കെട്ടിയതല്ലാതെ ഫലപ്രദമായ ഒരു വികസന പദ്ധതിയും ഒന്നാം പാക്കേജിൽ നടപ്പിലാക്കാനായില്ല. പ്രളയകാലത്ത് പാക്കേജിന്റെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിമർശനങ്ങളും ഏറ്റുവാങ്ങി.

പലായനപ്രളയം

തുടർച്ചയായ പ്രളയവും വെള്ളപ്പൊക്കവും മൂലം സ്വസ്ഥത നഷ്ടപ്പെട്ട കൈനകരി പഞ്ചായത്ത് നിവാസികൾ ജന്മനാടുപേക്ഷിച്ച് മറുകര തേടുകയാണ്. ഇരുപതിലധികം കുടുംബങ്ങൾ ഇതിനകം കരപ്രദേശങ്ങളിൽ വീടും സ്ഥലവും വാങ്ങി. എം.എസ്.സ്വാമിനാഥൻ വിഭാവനം ചെയ്ത കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാടശേഖരം പോലും മടവീഴ്ച്ചയിൽ നശിച്ചു. ഇതോടെ കൈനകരിയിൽ തുടരുന്നത് ഭീഷണിയാണെന്ന ചിന്ത ഉയർന്നതിനാൽ കൂടുതൽ കുടുംബങ്ങൾ പ്രദേശം വിട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാം കുട്ടനാട് പാക്കേജ് യാഥാർത്ഥ്യമായാൽത്തന്നെ വീടുകളിൽ വെള്ളം കയറുന്നത് തടയാൻ മാർഗമുണ്ടാവില്ല. മുണ്ടയ്ക്കൽ പാലം നിലവിൽ വന്നിട്ടും കൈനകരിക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമായിട്ടില്ല. അപ്രതീക്ഷിത പ്രളയം വന്നാൽ കരപറ്റാൻ വാഹനമാർഗമില്ലാത്തതാണ് മറ്റൊരു ഭീഷണി. പലതവണ വെള്ളം കയറിയിറങ്ങിയ കാലപ്പഴക്കമുള്ള വീടുകളുടെ നിലനിൽപ്പും തുലാസിലായി. കൈനകരിയിലെ പുതുതലമുറക്കാരാണ് ചേർത്തല, മുഹമ്മ, ചങ്ങനാശേരി ഭാഗങ്ങളിൽ സ്ഥലം വാങ്ങി താമസം മാറുന്നത്. പഴയ തലമുറയിലുള്ളവർക്ക് ഇവിടെത്തന്നെ തുടരാനാണ് താത്പര്യം. പാടശേഖരങ്ങളുടെ പുറംബണ്ടിലെ ഭൂരിഭാഗം വീടുകൾക്കും 30 വർഷത്തിലധികം പഴക്കമുണ്ട്. പുതിയ വീടുകൾ പില്ലറുകളിലാണ് പണിയുന്നത്. വെള്ളപ്പൊക്കമുണ്ടായാൽ ജീവനും ജീവനോപാധികളും ഒലിച്ചുപോകാതെ സൂക്ഷിക്കാമെന്നതാണ് ഗുണം. വെള്ളമില്ലാത്ത സമയത്ത് താഴത്തെ ഭാഗം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനുമാകും.

തുട‌ർച്ചയായ പ്രളയവും വെള്ളപ്പൊക്കവും മൂലം കുട്ടനാട് ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിയതോടെ, കൈനകരി വികസന സമിതി തയ്യാറാക്കി സമർപ്പിച്ച നൂതന ഭവന പദ്ധതിയെപ്പറ്റി വില്ലേജ് ഓഫീസർ മുഖാന്തരം സർക്കാർ നടത്തിയ പഠനത്തിലാണ് നാടിന്റെ പ്രതീക്ഷ. നിലവിലെ വീട് പൊളിക്കാതെ, വെള്ളം കയറാത്തവിധം മുകളിൽ നിലയൊരുക്കി താമസസൗകര്യം സജ്ജമാക്കുന്നതാണ് പദ്ധതി. ഇത് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകരിച്ചാൽ, പാവപ്പെട്ടവർക്കും സാമ്പത്തിക ബാദ്ധ്യതയില്ലാതെ വീട് നവീകരിക്കാനാവും.

കുട്ടനാടിന്റെ ഭൂപ്രകൃതിക്ക് യോജിക്കുന്ന നിർമ്മാണ വ്യവസ്ഥയാണെന്ന, വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ട്. വീട് നിലനിറുത്തിക്കൊണ്ടുതന്നെ 468 ചതുരശ്ര അടിയിൽ താമസസ്ഥലമൊരുക്കാം. ഒരു വീടിന് പരമാവധി 4.5 ലക്ഷമാണ് ചെലവ് കണക്കാക്കുന്നത്. ഇപ്പോൾ താമസിക്കുന്ന വീടിന്റെ ഓടോ, ഷീറ്റോ പൊളിച്ചുമാറ്റും. മുകളിലേക്ക് ജി.ഐ പൈപ്പും സിമന്റ് ബോർഡും ഉപയോഗിച്ച് മുറികൾ പണിയുന്നതാണ് പദ്ധതി. ടൈലിട്ട അറ്റാച്ച്ഡ് ബാത്ത്റൂം, അടിയിൽ സെപ്റ്റിക്ക് ടാങ്ക് എന്നിവയുണ്ടാവും. താഴെ ഭാഗം വെള്ളത്തിലായാൽ നാടുവിട്ടോടാതെ മുകൾ നിലയിലേക്ക് താമസം മാറ്റാം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രളയത്തെ ചെറുക്കാനാവുന്ന വീട് പണിയുക വെല്ലുവിളിയാണ്. താമസിക്കുന്ന വീട് പൊളിക്കുന്നതിനു തന്നെ വലിയ തുക ചെലവാകും.

കുട്ടനാടിന്റെ ഭൂപ്രകൃതി പ്രകാരം ഒരു ചതുരശ്ര അടിയിൽ പരമാവധി താങ്ങാൻ കഴിയുന്നത് ഒരു ടൺ ഭാരമാണ്. സിമന്റ് ബോർഡ് ഉപയോഗിച്ചുള്ള വീട് നിർമ്മാണം ഭൂമിക്ക് അധികം ഭാരമേൽപ്പിക്കില്ല എന്നതും ഗുണമാണ്. കുട്ടനാട്ടിൽ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചതോടെയാണ് മികച്ച എൻജിനീയർമാരുടെ മേൽനോട്ടത്തിൽ പദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചത്. ഭവന പദ്ധതിയിൽ ഈ മാതൃക ഉപയോഗിക്കാൻ ലൈഫ് മിഷന് തടസമില്ല. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ജനങ്ങൾക്ക് കുട്ടനാട്ടിൽ തന്നെ ജീവിതം തുടരാനുള്ള സാഹചര്യം ഒരുങ്ങുമെന്നാണ് പ്രതീക്ഷ. മട വീഴ്ചയുണ്ടായാൽ അഞ്ചടി വെള്ളം വീടുകളിൽ കയറും. പാടശേഖരങ്ങളിൽ വെള്ളം കയറ്റുമ്പോഴും വീട്ടിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. നാശനഷ്ടങ്ങളുണ്ടായ ശേഷം കോടികൾ നഷ്ടപരിഹാരം നൽകുന്നതിലും എത്രയോ മെച്ചമാണ് മുപ്പത് വർഷത്തേക്ക് സുരക്ഷ വാഗ്ദാനം ചെയ്യുന്ന വി ബോർഡ് വീടുകൾക്ക് അനുമതി നൽകുന്നത്.

തീരുമാനങ്ങൾ വൈകികൂടാ. കുട്ടനാട്ടുകാർക്ക് തീരാദുരിതങ്ങളിൽ നിന്ന് എന്നന്നത്തേക്കുമായി രക്ഷപ്പെടണം. അവരെ ഇനിയും സർക്കാരുകൾ പറഞ്ഞു പറ്റിക്കരുത്. യാത്രക്കാർക്ക് പച്ചപ്പു നിറഞ്ഞു കിടക്കുന്ന കുട്ടനാട് ഒരു സൗന്ദര്യകാഴ്ചയാണ്. എന്നാൽ കുട്ടനാട്ടുകാർക്ക് ഓരോ വെള്ളപൊക്കവും ഹൃദയഭേദകമായ വേദനയാണ്.