
തുറവൂർ: ദേശീയപാതയിലെ തിരക്കേറിയ പത്മാക്ഷി കവലയിൽ അപകടങ്ങൾ വർു്ധിച്ചതിനാൽ സിഗ്നൽ സംവിധാനം ഏർപ്പെടുത്തണമെന്നാവശ്യം ശക്തം. പൊന്നാംവെളിയിൽ ഉണ്ടായിരുന്ന ഡിവൈഡറും, പത്മാക്ഷി കവലയ്ക്ക് തെക്ക് ഭാഗത്തെ ഡിവൈഡറും ദേശീയ പാത അധികൃതർ അടച്ചതിനാൽ പൊന്നാംവെളിയിൽ നിന്നുള്ള വാഹന യാത്രക്കാർ പത്മാക്ഷി കവലയിൽ വന്നു വേണം തിരിഞ്ഞ് തെക്കോട്ട് പോകേണ്ടത്.
കൂടാതെ അന്ധകാരനഴി റോഡിൽ നിന്നും കാവിൽ പള്ളി റോഡിൽ നിന്നും വാഹനങ്ങൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതും തിരിഞ്ഞു പോകുന്നതും പത്മാക്ഷിക്കവലയിലൂടെയാണ്. നിരവധി വാഹനങ്ങളാണ് ഒരേസമയം ക്രോസ് ചെയ്യുന്നതിനായി ഈ ജംഗ്ഷനിൽ എത്തിച്ചേരുന്നത്. സിഗ്നൽ സംവിധാനം ഇല്ലാത്തതുമൂലം വാഹനം ഓടിക്കുന്നവരും, യാത്രക്കാരും, കാൽനടക്കാരും വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ദേശീയ പാതയിലൂടെ വാഹനങ്ങൾ പായുമ്പോൾ റോഡ് കുറുകെ കടക്കുവാനും പ്രയാസമേറെയാണ്. പത്മാക്ഷി കവലയിൽ സിഗ്നൽ സംവിധാനം അടിയന്തരമായി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി. ജനറൽ സെക്രട്ടറിയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ അഡ്വ. ടി.എച്ച്. സലാം മന്ത്രി ആർ.റിയാസിന് നിവേദനം നൽകി.