s

ആലപ്പുഴ: കെ.എസ്.ഇ.ബി ആലപ്പുഴ ടൗൺ സെക്ഷനിൽ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി രാത്രി 9.30 മുതൽ പിറ്റേ ദിവസം 6 മണി വരെ വൈദ്യുതി മുടങ്ങുന്നത് പതിവായതോടെ നഗരവാസികളുടെ ഉറക്കം പോയി.

ചൂട് കൂടുന്ന കാലാവസ്ഥയിൽ കറണ്ട് പോകുന്നതോടെ സഹികെട്ട നഗരവാസികൾ ഫോൺ വഴിയും നേരിട്ടെത്തിയും അധികൃതരോട് സ്ഥിരമായി പരാതി ഉന്നയിക്കുകയാണ്.

എന്നാൽ വൈദ്യുതി ബന്ധം തടസപ്പെടുത്തുന്നത് കെ.എസ്.ഇ.ബിയുടെ ജോലികൾക്കല്ലെന്ന് ബോദ്ധ്യമാകുമ്പോൾ മാത്രമാണ് ജനം പിൻവാങ്ങാൻ തയാറാകുന്നത്. അമൃത് പദ്ധതി, കേരള വാട്ടർ അതോറിട്ടിയുടെ ജൽ ജീവൻ മിഷൻ പദ്ധതി എന്നിവ പ്രകാരമുള്ള പൈപ്പിടീൽ ജോലികലുടെ ഭാഗമായാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നത്. നഗരപ്രദേശത്ത് കൂടുതൽ വൈദ്യുതി കേബിളുകളും ഭൂമിക്കടിയിലൂടെയാണ് പോകുന്നത്. അതുകൊണ്ട് കെ.എസ്.ഇ.ബിയുമായി സഹകരിച്ചേ, പൈപ്പിടീൽ ജോലി പൂർത്തിയാക്കാൻ സാധിക്കൂ.പകൽ സമയത്തെ തിരക്കും ഗതാഗത പ്രശ്നങ്ങളും ഒഴിവാക്കുന്നതിനാണ് പ്രവൃത്തികൾ രാത്രിയിൽ നടത്തുന്നത്. വാട്ടർ അതോറിട്ടിക്കു പിന്നാടെ ബി.എസ്.എൻ.എല്ലും ഭൂമിക്കടിയിൽ കേബിളിടുന്ന ജോലികൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരം ജോലികൾക്ക് വേണ്ടി ലൈൻ ഓഫാക്കി നൽകുമ്പോൾ പരാതിയും ചീത്ത വിളിയും കെ.എസ്.ഇ.ബി മാത്രമാണ് കേൾക്കേണ്ടി വരുന്നതെന്ന് അധികൃതർ പറയുന്നു. ടൗൺ സെക്ഷനിലെ ജോലികൾ തീരുന്ന മുറയ്ക്ക് നോർത്ത്, സൗത്ത് കെ.എസ്.ഇ.ബി പരിധികളിലും പൈപ്പിടീൽ ആരംഭിക്കും. ഇതോടെ ഈ പ്രദേശങ്ങളിലും രാത്രി കാലത്തെ വൈദ്യുതി മുടക്കം പതിവാകും.

കെ.എസ്.ഇ.ബിയുടെ യാതൊരു പ്രവൃത്തികൾക്കും വേണ്ടിയല്ല രാത്രി സമയത്ത് ലൈൻ ഓഫ് ചെയ്യുന്നത്. കാര്യമറിയാതെ ധാരാളം പേരാണ് പരാതിയും വഴക്കുമായി നിത്യേന എത്തുന്നത്

- കെ.എസ്.ഇ.ബി ടൗൺ സെക്ഷൻ അധികൃതർ

കടുത്ത ചൂടിൽ വൈദ്യുതി തടസം കൂടി പതിവായതോടെ കൊച്ചുകുഞ്ഞുങ്ങളുടെയടക്കം ഉറക്കം നഷ്ടപ്പെടാൻ തുടങ്ങിയിട്ട് മാസങ്ങളായി . ഇൻവർട്ടറോ സൗകര്യങ്ങളോ ഇല്ലാത്ത സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പ്രവൃത്തികൾ പകൽ സമയത്ത് ചെയ്ത്, രാത്രിയിൽ വൈദ്യുതി ഉറപ്പ് വരുത്താൻ അധികൃതർ തയാറാകണം

- രമേശൻ, മുല്ലയ്ക്കൽ