
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് തീരദേശത്ത് കണ്ടൽകാട് വെച്ചു പിടിപ്പിക്കുന്ന പദ്ധതിക്കു തുടക്കമായി. മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥ ഒരുക്കുന്ന തോടൊപ്പം കടൽ ക്ഷോഭത്തെ ചെറുക്കുകയുമാണ് ലക്ഷ്യം. കൂടാതെ ജലാശയങ്ങളിലെ വെള്ളം ശുദ്ധീകരിക്കാനും ഇത് ഉപകരിക്കും. വടക്ക് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ 200 ഓളം കണ്ടൽ തൈകളാണ് വെച്ചു പിടിപ്പിക്കുന്നത്. രണ്ടാം വാർഡ് ഗ്രാമ പഞ്ചായത്തംഗവും നംങ്കഴ്സറി ഉടമയുമായ ടി.ജയപ്രകാശിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹാരീസ് തൈകൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവ്വഹിച്ചു . വൈസ് പ്രസിഡന്റ് ദീപ അധ്യക്ഷത വഹിച്ചു. ഒന്നാം വാർഡ് അംഗം ബുഷ്റ സലിം, പഞ്ചായത്ത് അസി.സെക്രട്ടറി ജയന്തി ഗോപാലകൃഷ്ണൻ, അബ്ദുൾ ലത്തീഫ്, സമീർ, സനൽ ബഷീർ, ബി. ഡി. ഒ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.