
അമ്പലപ്പുഴ : ദേശീയപാതയിൽ നിന്ന് അമ്പലപ്പുഴ - തിരുവല്ല സംസ്ഥാന പാതയിലേക്ക് വേഗത്തിലെത്താൻ കഴിയുന്ന കൊട്ടാരവളവ് - കരുമാടി ബൈപാസിന്റെ നിർമ്മാണത്തിന് വഴിയൊരുങ്ങുന്നു. 90 കോടി രൂപ ചെലവിൽ എട്ട് കിലോമീറ്റർ നീളത്തിലും 10 മുതൽ 15 മുതൽ മീറ്റർ വരെ വീതിയിലും പൂർത്തിയാക്കുന്ന ബൈപാസ് ദേശീയ പാതക്ക് സമാന്തരമായി പുറക്കാട്, അമ്പലപ്പുഴ പഞ്ചായത്തുകളിലൂടെയാണ് കടന്നു പോകുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് കൊട്ടാരവളവ് കരുമാടി ബൈപാസ് എന്ന ആശയത്തിന് തുടക്കമായത്. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ നിർമ്മാണത്തിനാവശ്യമായ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
ഇരു പഞ്ചായത്തുകളിലെയും കിഴക്കൻ ഭാഗങ്ങളിലെ ആയിരക്കണക്കിന് വീട്ടുകാർക്കും ഏക്കറുകണക്കിന് വരുന്ന ഗ്രേസിംഗ് ബ്ലോക്ക്, ഇല്ലിച്ചിറ, കൃഷിത്തോട്ടം, നാലു ചിറകിഴക്ക്, നാലു ചിറ തെക്ക് ഉൾപ്പടെയുള്ള പാടശേരങ്ങളിലെ കർഷകർക്കും ബൈപ്പാസ് പൂർത്തിയാകുന്നതോടെ ഏറെ പ്രയോജനകരമാകും. ബൈപ്പാസിന്റെ തെക്കേ അറ്റത്ത് 49 കോടിയോളം രൂപ ചെലവിൽ നിർമ്മാണം പുരോഗമിക്കുന്ന നാലു ചിറ പാലം പൂർത്തിയാകുന്നതോടെ ദേശീയ പാതയിൽ തോട്ടപ്പള്ളിയിൽ നിന്ന് കിഴക്കോട്ടെത്തി അമ്പലപ്പുഴ -തിരുവല്ല സംസ്ഥന പാതയിൽ യാത്രക്കാർക്ക് നിമിഷ നേരം കൊണ്ട് എത്തിച്ചേരാനാകും. ബൈപ്പാസ് കടന്നു പോകുന്നയിടത്തെ സ്ഥലം നിർണ്ണയിച്ച് എച്ച് .സലാം എം .എൽ .എ കല്ലിട്ടു. പഞ്ചായത്ത് പ്രസിഡന്റുമാരായ എ .എസ്. സുദർശനൻ, കെ .കവിത, പഞ്ചായത്ത് പ്രസിഡന്റ് പി. ജി .സൈറസ്, വൈസ് പ്രസിഡന്റുമാരായ വി. എസ്. മായാദേവി, പി .രമേശൻ, ബ്ലോക്ക് ഗ്രാമപഞ്ചായത്തംഗങ്ങൾ, സി.പി. എം ഏരിയ സെക്രട്ടറി എ .ഓമനക്കുട്ടൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ കെ. കൃഷ്ണമ്മ, ജി.ഷിബു, എ. രമണൻ, എച്ച് .അരുൺ, പൊതുമരാമത്ത് അസി.എൻജിനീയർ വിഷ്ണുമോഹൻ എന്നിവർ പങ്കെടുത്തു.