
ചാരുംമൂട് : വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുകയാണ് താമരക്കുളം പഞ്ചായത്തിലെ പേരൂർകാരാഴ്മ ,വേടരപ്ലാവ് നിവാസികൾ. .ഈ പ്രദേശങ്ങളിലെ ഒട്ടുമിക്ക വീടുകളിലും ഇപ്പോൾ വെള്ളം കിട്ടാക്കനിയാണ്. വർഷങ്ങളായി വേനൽ ആരംഭത്തിൽ തന്നെ കുടിവെള്ളപ്രശ്നം രൂക്ഷമായി നിലനിൽക്കുന്ന പ്രദേശങ്ങളാണ് ഇവ. മാർച്ച് മാസത്തിലെ കഠിന ചൂട് ഇത്തവണ ജനുവരി പകുതിയോടെ എത്തിയതോടെ പ്രദേശത്തെ ഒട്ടുമിക്ക കിണറുകളും വറ്റി.നാല് അഞ്ച് വാർഡുകളിലൂടെ കെ.ഐ .പി കനാൽ കടന്നുപോകുന്നെങ്കിലും വളരെ കുറച്ചു പേർക്ക് മാത്രമേ ഇതിന്റെ പ്രയോജനം ലഭിക്കുന്നുള്ളൂ. അഞ്ചാം വാർഡിലെ മാങ്കൂട്ടം, വിളയിൽ ഭാഗത്താണ് ജലക്ഷാമം അതിരൂക്ഷം. പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബങ്ങൾ . ദിവസവും പണം കൊടുത്ത് ടാങ്കറിൽ വെള്ളം മേടിച്ചാണ് ജനജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. പാറ്റൂർ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകൾ താമരക്കുളം പഞ്ചായത്തിലെ വാർഡുകളുമായി ബന്ധിപ്പിച്ചെങ്കിലും ഭൂരിഭാഗം പ്രദേശത്തും ഇതിന്റെ പ്രയോജനം ലഭ്യമായിട്ടില്ല. ഉയർന്ന പ്രദേശമായ ഇവിടെ പൈപ്പുകളിൽ വെള്ളം എത്താത്തത് ഫോഴ്സ് കുറവാണെന്ന ന്യായമാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. നേരത്തെ ആഴ്ചയിലൊരിക്കലെങ്കിലും വെള്ളം വന്നിരുന്നത് ഇപ്പോൾ പൂർണമായി നിലച്ച അവസ്ഥയിലാണ്. ജല ജീവൻ പദ്ധതിയുടെ പൈപ്പ് ലൈൻ മിക്ക വീടുകളിലും എത്തിയെങ്കിലും വെള്ളം മാത്രം ഇപ്പോഴും കിട്ടാക്കനിയാണ്. വാട്ടർ അതോറിറ്റിയുടെ പദ്ധതിയായ പാലക്കുറ്റിയിലെ കുഴൽ കിണർ പൂർണമായും ഉപയോഗ രഹിതമായതാണ് 17-ാം വാർഡിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. കുടിവെള്ളക്ഷാമം രൂക്ഷമായി നിൽക്കുന്ന പ്രദേശങ്ങളിൽ പഞ്ചായത്ത് അധികൃതർ ടാങ്കറുകളിൽ വെള്ളം എത്തിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഉടൻ കുടിവെള്ളക്ഷാമത്തിന് ശ്വാശത പരിഹാരം ഉണ്ടായില്ലെങ്കിൽ ബഹുജന പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് പ്രദേശവാസികൾ
..............................
# പഞ്ചായത്തിലെ 4, 5 , 17 വാർഡുകളിലായി 500 കുടുംബങ്ങൾ ദുരിതത്തിൽ
# ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള പദ്ധതികളുടെ പ്രയോജനം ലഭ്യമല്ല.
# ജനങ്ങൾ പ്രക്ഷോഭത്തിലേക്ക്
........
അഞ്ചാം വാർഡിലെ മാങ്കൂട്ടം ഭാഗത്തെ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം ഉണ്ടാവണം. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും വെള്ളം പൈപ്പുകളിൽ ലഭിക്കാൻ വേണ്ട നടപടി വാട്ടർ അതോറിട്ടിയും പഞ്ചായത്തും സ്വീകരിക്കണം
ദീപ ജ്യോതിഷ് താമരക്കുളം ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ
.......
പ്രാഥമിക ആവശ്യങ്ങൾക്ക് പോലും കുടിവെള്ളം ഇല്ലാതെ ഞങ്ങൾ ബുദ്ധിമുട്ടുകയാണ്. ജല ജീവൻ പദ്ധതിയും പാറ്റൂർ കുടിവെള്ള പദ്ധതിയും വർഷങ്ങളായുള്ള ജലക്ഷാമം പരിഹരിക്കുമെന്ന് പ്രതീക്ഷയും അസ്തമിച്ചു.
മിനി ശിവൻ പ്രദേശവാസി