ആലപ്പുഴ: വിഷവിമുക്ത ജൈവ പച്ചക്കറികൃഷിയിൽ ആലപ്പുഴ നഗരം സ്വയം പര്യാപ്തമാകുന്നു. കൃഷിഭവൻ മുഖാന്തരം നടപ്പിലാക്കുന്ന പൊന്നോണത്തോട്ടം പദ്ധതിയുടെ ഭാഗമായി കൃഷിയോട് താല്പര്യമുള്ളവർക്കായി ശില്പശാല സംഘടിപ്പിച്ചു. നഗരസഭയിലെ 52 വാർഡുകളിൽ, ഓരോ വാർഡിൽനിന്നും കൗൺസിലറുടെ നിർദ്ദേശപ്രകാരം 2 പേരെ വീതം തിരഞ്ഞെടുത്താണ് പരിശീലനം നൽകിയത്. ഇവർ വാർഡിലെ മറ്റ് കർഷകർക്ക് പരിശീലനം നൽകും.
എല്ലാ വാർഡുകളിലും ലഭ്യമായ സ്ഥലങ്ങളിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കും. ഓരോ കാലഘട്ടത്തിലും ചെയ്യേണ്ട കൃഷി, നല്ലയിനം വിത്തുകളെ കുറിച്ചുള്ള അവബോധം, ജൈവപരമായ രോഗങ്ങളുടെ വിശദീകരണവും രോഗ പരിപാലനവും, കീടനാശിനികളുടെ അനുയോജ്യമായ പ്രയോഗം എന്നീ വിഷയങ്ങളിലെല്ലാം അംഗങ്ങൾക്ക് പരിശീലനം നൽകി. മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച കൂട്ടായ്മയിൽ കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ് രാജീവ് ക്ലാസ് നയിച്ചു.
നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻറിംഗ് കമ്മറ്റി അദ്ധ്യക്ഷ ബിന്ദുതോമസ്, ആരോഗ്യ സ്റ്റാൻറിംഗ് കമ്മറ്റി അദ്ധ്യക്ഷ ബീനരമേശ്, കൗൺസിലർ എ.എസ് കവിത, ആലപ്പുഴ കൃഷി ഓഫീസർ സീതാരാമൻ തുടങ്ങിയവർ പങ്കെടുത്തു.