 
നാട്ടുകാർക്ക് ഭീഷണിയായി കാലപ്പഴക്കം ചെന്ന ജലസംഭരണി
ഹരിപ്പാട്: ചിങ്ങോലി വായനശാല ജംഗ്ഷന് സമീപം നിൽക്കുന്ന ജലസംഭരണി നാട്ടുകാർക്ക് ഭീഷണിയാകുന്നു. ഐഡിയൽ-ചൂരവിള റോഡിനോടു ചേർന്നാണ് എൺപതു വർഷത്തിനു മേൽപഴക്കമുള്ള ജലസംഭരണി.
കാലപ്പഴക്കം കൊണ്ടു ബലക്ഷയം സംഭവിച്ചതിനാൽ പതിനഞ്ചു വർഷത്തോളമായി ഉപയോഗിക്കുന്നില്ല.
വടക്കു പടിഞ്ഞാറുഭാഗത്തേക്കു ചരിഞ്ഞ് എപ്പോൾ വേണമെങ്കിലും നിലംപതിക്കാമെന്ന സ്ഥിതിയിലാണ് സംഭരണി. തൂണുകളും ദുർബലമാണ്. ദിവസേന നൂറ് കണക്കിന് യാത്രക്കാരും വാഹനങ്ങളും സംഭരണിക്കു സമീപത്തെ റോഡിൽ കൂടി കടന്നു പോകുന്നുണ്ട്. കൂടാതെ സമീപത്തു വീടുകളുമുണ്ട്. സമാന്തര വിദ്യാഭ്യാസ സ്ഥാപനം അടുത്തുളളതിനാൽ നിരവധി വിദ്യാർത്ഥികളും ഇവിടെ വന്നുപോകുന്നുണ്ട്. സംഭരണിയ്ക്ക് അടിയിലായാണ് ഇവർ സൈക്കിളും മറ്റും വയ്ക്കുന്നത്.
വർഷങ്ങളായി അപകട ഭീഷണി ഉയർത്തി നിൽക്കുന്ന കുടിവെള്ള സംഭരണി പൊളിച്ചു നീക്കാൻ വൈകുന്നത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നു. മുൻപാണിത് സ്ഥാപിച്ചത്.
നിൽക്കുന്നത്.
വേണം പുതിയ ജലസംഭരണി
പഞ്ചായത്തും നാട്ടുകാരും ബന്ധപ്പെട്ട അധികൃതരോട് പൊളിച്ചു നീക്കണമെന്ന് രേഖാമൂലവും അല്ലാതെയും പല തവണ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
ഇത് പൊളിച്ച് മാറ്റി ജലജീവൻ മിഷന്റെ വാട്ടർ ടാങ്ക് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത് വഴി പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകും.
അപകട ഭീഷണി ഉയർത്തുന്ന സംഭരണി എത്രയും വേഗം പൊളിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.............................................
പഞ്ചായത്ത് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജലജീവൻ പദ്ധതി പ്രകാരം വാട്ടർ ടാങ്ക് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ലോറി കയറുന്ന സൗകര്യമുള്ള 12 സെന്റോളം സ്ഥലമാണ് വേണ്ടത്. എന്നാൽ പഞ്ചായത്തിൽ ഇതിനായി സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉപയോഗശൂന്യമായ ഈ വാട്ടർ ടാങ്ക് പൊളിച്ച് നീക്കിയാൽ ഈ സ്ഥലം ജലജീവൻ പദ്ധതി പ്രകാരമുള്ള വാട്ടർ ടാങ്ക് നിർമ്മിക്കാൻ ഉപയോഗപെടുത്താൻ കഴിയും.
രഞ്ജിത്ത് ചിങ്ങോലി, മുൻ ബ്ളോക്ക് പഞ്ചായത്ത് അംഗം
..................................
ഉപയോഗ ശൂന്യമായ വാട്ടർ ടാങ്ക് നിലവിൽ അപകടാവസ്ഥയിലാണ്. ഇത് പൊളിച്ച് മാറ്റണം. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ജലജീവൻ പദ്ധതിയുടെ ഭാഗമായി വാട്ടർ ടാങ്ക് നിർമ്മിക്കാൻ നിലവിൽ സ്ഥലമില്ല. കാലപ്പഴക്കം ചെന് വാട്ടർ ടാങ്ക് പൊളിച്ച് മാറ്റിയാൽ ഈ സ്ഥലം അതിനായി ഉപയോഗിക്കാം.
ജി.സജിനി (ചിങ്ങോലി പഞ്ചായത്ത് പ്രസിഡന്റ്)
................................................