fgg

ഹരിപ്പാട് : കേട്ടറിഞ്ഞ വലിയഴീക്കൽ പാലം കാണണമെന്ന അടങ്ങാത്ത ആഗ്രഹം സഫലമാക്കാൻ എട്ടു വയസുകാരി സൈറ ഫാത്തിമ സൈക്കിൾ ചവിട്ടിയത് 12 കിലോമീറ്റർ. ആംബുലൻസ് ഡ്രൈവറായ പിതാവിനോട് പാലം കാണണമെന്ന ആഗ്രഹം സൈറ ഫാത്തിമ പറഞ്ഞുവെങ്കിലും തിരക്കുകാരണം സാധിച്ചുകൊടുക്കാനായില്ല.

തുടർന്ന് ഇന്നലെ രാവിലെ ആറുമണിക്ക് ആറാട്ടുപുഴയിലെ വീട്ടിൽ നിന്നും സൈക്കിളിൽ പുറപ്പെട്ട സൈറ ഫാത്തിമ 7 മണിയോടെ വലിയഴീക്കൽ പാലത്തിനുസമീപം എത്തിച്ചേർന്നു. ഈ സമയം ആംബുലൻസിൽ ഓട്ടം പോയിരുന്ന പിതാവ് തിരികെ എത്തി മകളെ അന്വേഷിച്ചപ്പോൾ പുറത്ത് റോഡിൽ സൈക്കിൾ ചവിട്ടുകയാണെന്ന് മാതാവ് പറഞ്ഞു. അന്വേഷിച്ചിട്ട് കാണാത്തതിനെ തുടർന്ന് പിതാവും സൈക്കിളിൽ ഇറങ്ങി. വട്ടച്ചാൽ ഭാഗത്ത്‌ എത്തിയപ്പോൾ സൈക്കിൾ ചവിട്ടി പോകുന്ന മകളെ കണ്ടു. വലിയഴീക്കൽ പാലം കാണാൻ പോവുകയാണെന്നു പറഞ്ഞപ്പഓൾ പിതാവും മകളോടൊപ്പം കൂടി. വലിയഴീക്കലിൽ എത്തിയ ഇരുവരും ഒരു മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് മടങ്ങിയത്. ആറാട്ടുപുഴ പുല്ലുകാട്ടിൽ കിഴക്കതിൽ സാമൂഹ്യപ്രവർത്തകനും ആംബുലൻസ് ഡ്രൈവറുമായ സൈഫുദ്ദീന്റെയും നസീലയുടെയും മൂത്ത മകളാണ് എട്ടു വയസുകാരി സൈറഫാത്തിമ. ആറാട്ടുപുഴ മംഗലം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

ആലപ്പുഴ ജില്ലയിലെ വലിയഴീക്കൽ കൊല്ലം ജില്ലയിലെ ചെറിയഴീക്കൽ എന്നീ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കടലും കായലും ഒരുമിച്ച് ചേരുന്ന സ്ഥലത്താണ് എഷ്യയിലെ ഏറ്റവും വലിയ ബൗ സ്ട്രിംഗ് ആർച്ച് പാലം. കൂടാതെ പെന്റഗൺ മാതൃകയിലുള്ള വലിയ ലൈറ്റ് ഹൗസും ഇവിടെയുണ്ട്. പാലത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടുകൂടി വിനോദസഞ്ചാരമേഖലയിൽ വലിയ രീതിയിലുള്ള മാറ്റം സൃഷ്ടിക്കാൻ ഈ സ്ഥലത്തിന് കഴിയും. ഇപ്പോൾ പാലം സന്ദർശിക്കുവാൻ നിരവധി ആളുകളാണ് ദിവസവും എത്തിച്ചേരുന്നത്. ഉദ്ഘാടനം കഴിയാത്തതിനാൽ നിലവിൽ പാലത്തിൽ പ്രവേശനം കർശനമായി നിരോധിച്ചിട്ടുണ്ട്.