
ആലപ്പുഴ : കാറിടിച്ച് തെറിച്ച് കനാൽക്കരയിൽ വീണ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിലെ സീനിയർ അക്കൗണ്ടന്റ് ആലപ്പുഴ നഗരസഭ സീവ്യൂ വാർഡ് വടക്കേക്കളം വീട്ടിൽ ടീന എബ്രഹാം (37) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30ന് ഓഫീസിൽ നിന്നു മടങ്ങി വരുന്ന വഴി ശവക്കോട്ടപ്പാലത്തിന് പടിഞ്ഞാറ് വെള്ളാപ്പള്ളി പള്ളിക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ടീന കനാൽ തീരത്തേക്ക് തെറിച്ചു വീണ് തൽക്ഷണം മരിച്ചു. നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. സംഭവത്തിൽ കാറോടിച്ചിരുന്ന തിരുവമ്പാടി സ്വദേശിയെ നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ടീനയുടെ ഭർത്താവ്: രാജുമോൻ (അദ്ധ്യാപകൻ, മാർ ഗ്രിഗോറിയസ് കോളേജ്, പുന്നപ്ര). മകൻ: ജോസഫ്.