photo

ആലപ്പുഴ: ജില്ലയിൽ അവധി ദിനങ്ങളുടെ മറവിൽ നിലം നികത്തൽ വ്യാപകമായതായി പരാതി . അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിലാണ് നീർത്തട സംരക്ഷണ നിയമം ലംഘിച്ച് നെൽവയലുകളും നീർത്തടങ്ങളും നികത്തുന്നത്.

ഉദ്യോഗസ്ഥർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായതും ഇത്തരക്കാർക്ക് സഹായകമാകുന്നു. പൊലീസ്, റവന്യു അധികൃതരുടെ പ്രത്യേക സ്‌ക്വാഡ് നിലവിലുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ കുറവ് പ്രവർത്തനത്തെ ബാധിച്ചു.

ടിപ്പറുകളിലും കെട്ടുവള്ളങ്ങളിലും പുലർച്ചെ ഗ്രാവലെത്തിച്ചും ജെറ്റ് മോട്ടോർ ഉപയോഗിച്ചുള്ള ഡ്രജ്ജിംഗിലൂടെ മണ്ണടിച്ചുമാണ് നിലംനികത്തുന്നത്. ഇതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. പുറക്കാട് തൈച്ചിറ മുതൽ തെക്കോട്ട് നാലുചിറ പടിഞ്ഞാറുവരെ ആഴം വർദ്ധിപ്പിച്ച ദേശീയ ജലപാതയുടെ ഭാഗം നികത്തുന്നത് വ്യാപകമാണ്. പ്രദേശവാസികൾ റവന്യൂ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്. അവധിദിവസങ്ങളിലാണ് ഇവിടെ നിലം നികത്തൽ നടക്കുന്നത്. വലിയ തെങ്ങിൻ കുറ്റികൾ ജെറ്റ് മോട്ടോർ ഉപയോഗിച്ച് താഴ്ത്തി അതിന് ചുറ്റും പടുത കെട്ടി മണൽ നിറച്ചാണ് നികത്തുന്നത്. രാത്രികാലത്ത് കൂറ്റൻ മോട്ടോർ ഉപയോഗിച്ച് ദേശീയജലപാതയിൽ നിന്ന് ഡ്രജ്ജ് ചെയ്ത് മണൽ നിറയ്ക്കും. പുന്നപ്ര തെക്ക്, പുറക്കാട്, അമ്പലപ്പുഴ, തകഴി, വീയപുരം, ഹരിപ്പാട്, കാർത്തികള്ളി, കുമാരപുരം, പള്ളിപ്പാട്, ചിങ്ങോലി പഞ്ചായത്തുകളിലും നികത്തൽ വ്യാപകമാണ്. കരുവാറ്റ പഞ്ചായത്തിലെ സാന്ദ്രൻമുക്ക് ഭാഗത്ത് ഷീറ്റ് കൊണ്ട് നിർമ്മിച്ച മതിലിന്റെ മറവിലാണ് നികത്തൽ. ഹരിപ്പാട് നികത്തിയ നിലം പൂർവ സ്ഥിതിയിലാക്കാൻ കളക്ടർ നിർദേശം നൽകിയെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കിയില്ല.

എതിർക്കുന്നവരെ തല്ലിയോടിക്കും

1.ദേശീയ ജലപാതയുടെ വശങ്ങളും നികത്തുന്നു

2.പിന്നിൽ പ്രവർത്തിക്കുന്നത് റിയൽ എസ്റ്റേറ്റ് മാഫിയ

3.എതിർക്കുന്നവരെ നേരിടാൻ ക്വട്ടേഷൻ സംഘങ്ങൾ

4.ഉദ്യോഗസ്ഥരുടെ പരിശോധന കുറഞ്ഞു

5.വീടു വയ്ക്കുന്നതിന്റെ മറവിലും നിലംനികത്തൽ

കരപ്പാടങ്ങളും കൈക്കലാക്കി

വീടു വയ്ക്കാൻ നഗരസഭാ പരിധിയിൽ അഞ്ചു സെന്റിലും പഞ്ചായത്ത് പരിധിയിൽ പത്ത് സെന്റിലും കൂടുതൽ നികത്താൻ നിയമം അനുവദിക്കാത്തതിനാൽ സ്വന്തമായി സ്ഥലം ഇല്ലാത്തവരുടെ പേരിൽ ഭൂമി വാങ്ങി നികത്തി വീടുവച്ച് വിൽപ്പന നടത്തുകയാണ് റിയൽ എസ്റ്റേറ്റ് മാഫിയ. കുട്ടനാടൻ മേഖലകളിൽ ചില കരപ്പാടങ്ങൾ ഇത്തരക്കാർ കൈക്കലാക്കിയിട്ടുണ്ട്. കൊവിഡിന് മുമ്പ് അവധി ദിവസങ്ങളിൽ പരിശോധ നടത്താൻ ജില്ല, താലൂക്ക് തലത്തിൽ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിരുന്നു. താലൂക്ക് തലത്തിൽ ജൂനിയർ സൂപ്രണ്ട്, രണ്ട് ക്ളർക്കുമാർ ഉൾപ്പെട്ടതാണ് സ്ക്വാഡ്.

"താലൂക്ക് തലത്തിൽ മൂന്നംഗ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. പരിശോധിക്കാൻ എത്തുന്ന സ്ഥലത്തെ വില്ലേജ് ഓഫീസറുടെ സഹായവും തേടും. പരിശോധനയിൽ പിടിച്ചെടുക്കുന്ന നികത്ത് ഉപകരണങ്ങൾ ആർ.ഡി.ഒക്ക് കൈമാറും.

- തഹസീൽദാർ, അമ്പപ്പുഴ