s

ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ 15, 16 തീയതികളിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 15 ന് പോളിറ്റ്ബൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ, പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, എം.വി.ഗോവിന്ദൻ, എ.കെ. ബാലൻ, എം.സി. ജോസഫൈൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് എന്നിവർ പങ്കെടുക്കും.

ഏരിയ സമ്മേളനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 180 പ്രതിനിധികൾ, 44 ജില്ലാ കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 230 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രതിനിധികളിൽ 35 പേർ വനിതകളാണ്. 46 അംഗ ജില്ലാ കമ്മിറ്റിയിൽ രണ്ട് ഒഴിവുകളുണ്ട്. തകഴി ഏരിയ സെക്രട്ടറിയായിരുന്ന കെ. പ്രകാശൻ, എം.എ. അലിയാർ എന്നിവരുടെ മരണത്തെത്തുടർന്നാണ് ഒഴിവ് വന്നത്. 11 അംഗ സെക്രട്ടേറിയറ്റിൽ അലിയാരുടെ മരണം, കെ. രാഘവനെ തരംതാഴ്ത്തിയത് ഉൾപ്പെടെ രണ്ട് ഒഴിവുകളുണ്ട്. സെക്രട്ടറിയേറ്റ് അംഗങ്ങളുടെ എണ്ണം 12 ആയി ഉയർത്താൻ സാദ്ധ്യതയുണ്ട്. ജില്ലാ സെക്രട്ടറിയായി ആർ. നാസർ തുടരും. ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചതോടെയാണ് 2018 ൽ നാസർ ചുമതലയേറ്റത്. തിരഞ്ഞെടുപ്പുകളിൽ വൻവിജയം നേടിയെങ്കിലും വിഭാഗീയതയുടെ കനൽ എരിയുന്നത് പാർട്ടി സമ്മേളനങ്ങളിൽ ദൃശ്യമായി. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളായിരിക്കും ജില്ലാ സമ്മേളനത്തിലും ഉയർന്നു വരുക. ജനുവരി അവസാനവാരം നടത്താനിരുന്ന സമ്മേളനം കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാറ്റിവയ്‌ക്കുകയായിരുന്നു.

കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും സമ്മേളനം നടക്കുക. പ്രതിനിധി സമ്മേളനം മാത്രമാണുള്ളത്. പ്രതിനിധികൾ രണ്ട് വാക്‌സിൻ എടുത്തവരാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

- ആർ. നാസർ

സി.പി.എം ജില്ലാ സെക്രട്ടറി