
ആലപ്പുഴ: കുംഭചൂട് കടുത്തതോടെ ജില്ലയിലെ ആറ് താലൂക്കുകളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷം. മറ്റ് ജില്ലകളിൽ കുടിവെള്ളം എത്തിക്കുന്നതിന് മുന്നോരുക്കങ്ങൾ ആരംഭിച്ചെങ്കിലും ജില്ലയിലെ പ്രവർത്തനം വളരെയധികം പിന്നിലാണ്. കിഴക്കൻ മേഖലകളിലെ കിണറുകളിൽ ജലനിരപ്പ് കുറഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നിടത്ത് ആവശ്യത്തിന് വെള്ളം വിതരണം ചെയ്യുവെന്ന് അധികൃതർ അവകാശപ്പെടുമ്പോഴും നാട്ടുകാർ കുടിവെള്ളത്തിനായി നെട്ടോട്ടംഓടുകയാണ്. കഴിഞ്ഞ വർഷം വേനൽമഴയും നേരത്തേയെത്തിയിരുന്നു. ഒക്ടോബർ പകുതിവരെ മഴ ലഭിച്ചിട്ടും ഇത്തവണ ജനുവരിയുടെ തുടക്കത്തിലേ വരൾച്ച അനുഭവപ്പെട്ടുതുടങ്ങി. കുടിവെള്ള ക്ഷാമം നേരിടുന്നതിനായി മഴവെള്ളം സംഭരിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ ജില്ല ഏറെ പിന്നിലാണ്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കിണർ റീചാർജ് നടപ്പാക്കാൻ അനുമതിയുണ്ടെങ്കിലും അതും നടപ്പാക്കിയില്ല. ജില്ലയിലെ പല പഞ്ചായത്തുകളിലും ജലഅതോറട്ടി സ്ഥാപിച്ചിട്ടുള്ള കുഴകിണറുകളിൽ ഭൂഗർഭജലത്തിന്റെ അളവ് വളരെയധികം കുറയുന്നത് ആശങ്കപകരുന്നു. ജില്ലയിലെ ആറ് സബ്ഡിവിഷനാണ് ഉള്ളത്. കുട്ടനാട് ഒഴികെ മറ്റ് അഞ്ചും ആലപ്പുഴ ഡിവിഷന്റെ കീഴിലാണ്. കുട്ടനാട് പത്തനംതിട്ട ജില്ലയിലെ തിരുവല്ല സബ്ഡിവിഷന്റെ കീഴിലുമാണ്. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം അതിരൂക്ഷമാണ്. തോടുകളിലെ ജലനിരപ്പ് കുറഞ്ഞതിനാൽ കുടിക്കാനും കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും പൈപ്പ് ജലമാണ് ആശ്രയം. കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും ജില്ലയിൽ പലഭാഗങ്ങളിലും പൈപ്പ് പൊട്ടികുടിവെള്ളം പാഴാകുന്നതും പതിവാണ്. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കുഴിയെടുക്കുന്നതിനിടെ മുല്ലക്കൽ കൃഷിഭവന്റെ മുന്നിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. ജില്ലയുടെ പലഭാഗത്തും സ്ഥിതി ഇതു തന്നെയാണ് അവസ്ഥ.
യയയയയയയ
കുടിവെള്ളം എത്തിക്കുന്നതിനുള്ള മുന്നൊരുക്കം
1. തദ്ദേശ സ്ഥാപനങ്ങളും ജലഅതോറട്ടി ഉദ്യോഗസ്ഥരുടെ പരിശോധന
2. പരിശോധനയിൽ കണ്ടെത്തുന്ന സ്ഥലം റവന്യൂ ഉദ്യോഗസ്ഥർ വഴി കളക്ടറെ അറിയിക്കണം
3. വാഹനത്തിൽ കുടിവെള്ള വിതരണത്തിന് ആവശ്യമായ ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾ കളക്ടറുടെ അനുമതിയോടെ വിനിയോഗിക്കണം
4. ദുരന്ത നിവരണ ഫണ്ട് ഉപയോഗിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുക
5. മോട്ടറുകളുടെ തകരാർ പരിഹരിക്കുക
6. പരമാവധി കുഴൽ കിണറുകളിലെ വെള്ളം വിതരണം ചെയ്യുക
സബ്ഡിവിഷനുകൾ
ആലപ്പുഴ, ചേർത്തല, തൈക്കാട്ടുശേരി, കുട്ടനാട്, ഹരിപ്പാട്, മാവേലിക്കര