s

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ തീയതി മാറ്റാനുള്ള നീക്കം നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ ചൂടേറിയ ചർച്ചയ്ക്ക് വഴിവയ്ക്കും. ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച നെഹ്റുട്രോഫിയുടെ ഗ്ലാമറും പ്രസക്തിയും നഷ്ടപ്പെടുത്തുന്നതാണ് തീയതി മാറ്റമെന്നാണ് ഒരു വിഭാഗത്തിന്റെ ആശങ്ക. എല്ലാവർഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് നെഹ്റു ട്രോഫി ജലോത്സവം ആലപ്പുട പുന്നമടക്കായലിൽ നടക്കുന്നത്. പ്രകൃതിദുരന്തങ്ങൾ ഉണ്ടായ ഘട്ടത്തിൽ മാത്രമാണ് ഈ തീയതി മാറ്റിവച്ചിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി ജലമേള മുടങ്ങി.

നെഹ്റുട്രോഫി വള്ളംകളി നവംബർ മാസത്തിലേക്ക് മാറ്റാനാണ് ജില്ലാ ഭരണകൂടത്തിന്റെ ഇപ്പോഴത്തെ ആലോചന. തീയതി മാറ്റുകയാണെങ്കിൽ നെഹ്റുവിന്റെ തിരുവിതാംകൂർ സന്ദർശന മാസമായ ഡിസംബറിൽ നടത്തണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. നെഹ്രുടോഫി ബോട്ട് റെസ് സൊസൈറ്റിയുടെ അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിലായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. തീയതിമാറ്റത്തിന് അന്തിമ അംഗീകാരം നൽകേണ്ടത് ബോട്ട് റേസ് സൊസൈറ്റിയുടെ പൊതുയോഗമാണ്.

നെഹ്റുവിന്റെ സന്ദർശനവും വള്ളംകളിയും

1952 ഡിസംബർ 22ന് ആണ് നെഹ്റുവും കുടുംബവും കോട്ടയത്ത് എത്തിയത്. അന്ന് തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന എ.ജെ. ജോൺ നെഹ്റുവിനെയും കുടുംബത്തെയും ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കോട്ടയത്ത് നിന്ന് ജലമാർഗം പാതിരാമണൽ വഴി ആലപ്പുഴ ബോട്ട് ജെട്ടിയിൽ എത്തിച്ചു. ആവേശഭരിതനായ നെഹ്റു നടുഭാഗം ചുണ്ടനിൽ ചാടിക്കയറി തുഴക്കാരോടൊപ്പം താളമിട്ടാണ് ആലപ്പുഴയിലെത്തിയത്. ഡൽഹിയിൽ എത്തിയ നെഹ്റു വെള്ളിയിൽ തന്റെ കൈയൊപ്പോടുകൂടിയ ട്രോഫി സംഘാടകർക്ക് അയച്ചു കൊടുത്തു. പിന്നീട് 1966 വരെ പ്രൈമിനിസ്റ്റേഴ്സ് ട്രോഫിക്കായി ചുണ്ടൻ വള്ളമത്സരം നടത്തി. ആദ്യം വട്ടക്കായലിൽ മത്സരം നടത്തിയെങ്കിലും കുത്തൊഴുക്കും ജലത്തിലെ തിരമാലയും മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിച്ചതോടെ പുന്നമടക്കായലിലേക്ക് മാറ്റി. നെഹ്റുവിന്റെ മരണത്തോടെ ജലമേളയുടെ പേര് നെഹ്റുട്രോഫി എന്ന് നാമകരണം ചെയ്തു. കാലാവസ്ഥയും ടൂറിസ്റ്റുകളുടെ വരവും കണക്കിലെടുത്താണ് മത്സരം എല്ലാവർഷവും ആഗസ്റ്റ് രണ്ടാം ശനിയാഴ്ച സംഘടിപ്പിക്കാൻ തീരുമാനിച്ചത്.

നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി

നെഹ്രുട്രോഫി വള്ളംകളിയുടെ നടത്തിപ്പിന്റെ ചുമതല കളക്ടർ ചെയർമാനായുള്ള 'നെഹ്രുട്രോഫി ബോട്ട് റേസ് സൊസൈറ്റി'ക്കാണ്. സൊസൈറ്റി രൂപീകരിച്ചപ്പോഴത്തെ കളക്ടർ വി.ജെ.കുര്യൻ, എ.ഡി.എം കെ.ബി.നാരായണഅയ്യർ, അന്ന് ജില്ലാ കൗൺസിൽ പ്രസിഡന്റായിരുന്ന ജി.സുധാകരൻ, കല്ലേലി രാഘവൻപിള്ള ഉൾപ്പെടെയുള്ളവർ മുൻകൈയെടുത്താണ് നെഹ്റുടോഫി ബോട്ട് റെസ് സൊസൈറ്റിയ്ക്ക് ഭരണഘടന ഉണ്ടാക്കി രജിസ്റ്റർ ചെയ്തത്. 2019ൽ സി.ബി.എൽ സംവിധാനം വന്നപ്പോഴും ജനകീയ സ്വഭാവം നിലനിറുത്തിയാണ് നെഹ്റുട്രോഫി മത്സരം സംഘടിപ്പിച്ചത്.

"ആഗസ്റ്റ് രണ്ടാം ശനിയാഴ്ച തന്നെ നെഹ്റു ട്രോഫി ജലമേള നിലനിർത്തണം. അല്ലെങ്കിൽ നെഹ്റുവിന്റെ ആലപ്പുഴ സന്ദർശനത്തിന്റെ സമരണകൾ ഇരമ്പുന്ന ഡിസംബർ 22ന് നടത്താൻ കഴിയണം.

- എ.എൻ. പുരം ശിവകുമാർ, സുവനീർ കമ്മിറ്റി മുൻ കൺവീനർ, നെഹ്രുട്രോഫി വള്ളംകളി

"ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച നെഹ്റുട്രോഫിയുടെ പ്രസക്തി കുറയ്ക്കുന്ന തീരുമാനത്തിൽ നിന്ന് ജില്ലാ ഭരണകൂടവും ഉദ്യോഗസ്ഥരും പിൻമാറണം. വള്ളംകളി നവംബറിൽ നടത്തുന്നത് ജില്ലയിലെ ശിശുദിനാഘോഷത്തിന്റെ നിറം കെടുത്തും. ആഗസ്റ്റിൽ നിന്ന് തീയതി മാറ്റുന്നുണ്ടെങ്കിൽ എന്തുകൊണ്ടും ഉചിതം ഡിസംബർ 22ആണ്.

- ബേബി പാറക്കാടൻ, എക്സിക്യൂട്ടീവ് അംഗം, നെഹ്രുട്രോഫി ബോട്ട് റേസ് സൊസൈറ്റി