കുത്തിയതോട് പഞ്ചായത്തിൽ പൊതുശ്മശാന നിർമ്മാണം നീളുന്നു
തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ പൊതുശ്മശാനത്തിന്റെ നിർമ്മാണം ചുവപ്പുനാടയിൽ കുരുങ്ങി വൈകുന്നു. ശ്മശാനത്തിനായി സ്വന്തമായി സ്ഥലമുണ്ടെങ്കിലും ഡേറ്റാ ബാങ്കിൽ നിലമായതിനാൽ അത് തരം മാറ്റി നൽകാൻ ബന്ധപ്പെട്ട അധികൃതർ കാട്ടുന്ന താമസമാണ് നിർമ്മാണം അനന്തമായി നീളാൻ കാരണം.
ചാവടി - പള്ളിത്തോട് റോഡരികിൽ തുറവൂർ കരിയോട് ചേർന്ന് പള്ളിക്കച്ചിറയിലാണ് ആധുനിക പൊതുശ്മശാനം നിർമ്മിക്കാൻ വർഷങ്ങൾക്ക് മുൻപ് പദ്ധതിയിട്ടത്. പഞ്ചായത്തിലെ രണ്ടാം വാർഡിൽ 26 സെന്റ് സ്ഥലം കണ്ടെത്തുകയും 2015 ഓഗസ്റ്റ് 5 ന് പൊതുശ്മശാനത്തിന് തറക്കല്ലിടുകയും ചെയ്തു. എ.എം.ആരിഫ് എം.എൽ.എ ആയിരിക്കെ 43 ലക്ഷം രൂപ നിർമ്മാണ ചെലവിന് വകയിരുത്തി. പക്ഷേ ഭൂമിയെ സംബന്ധിച്ച വിഷയത്തിൽ തട്ടി തുടക്കത്തിൽ തന്നെ ശ്മശാന നിർമ്മാണം നിലച്ചു. കാട് കയറിയ സ്ഥലമിപ്പോൾ സാമൂഹ്യ വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും താവളമാണ്. പഞ്ചായത്തിൽ പൊതുശ്മശാനം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
മൃതദേഹം സംസ്കരിക്കാനിടമില്ലാതിനാൽ നൂറ് കണക്കിന് കുടുംബങ്ങളാണ് വലയുന്നത്. തീരദേശം ഉൾപ്പടെ16 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന കുത്തിയതോട് ജനസാന്ദ്രതയേറിയ പഞ്ചായത്തുകളിൽ ഒന്നാണ്. കാൽലക്ഷത്തോളം വരും ജനസംഖ്യ. മരിച്ചവരുടെ സംസ്കാരം സ്ഥലപരിമിതി മൂലം സ്വന്തം വീട്ടിൽ നടത്താൻ കഴിയാറില്ല. കായലോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമായി നൂറ് കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. അരൂർ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും പൊതുശ്മശാനങ്ങൾ ഇല്ല. അരൂരിലെ പൊതുശ്മശാനവും എറണാകുളം ജില്ലയിലെ നെട്ടൂർ പൊതുശ്മശാനവുമാണ് നിലവിൽ ഇവർക്ക് ആശ്രയം.
വീട് പൊളിച്ച് സംസ്കാരത്തിന് ഇടം കണ്ടെത്തണം
സ്ഥല പരിമിതികാരണം വീടിന്റെ മുറ്റത്ത് വരെ മൃതദേഹം സംസ്ക്കരിക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ചിലയവസരങ്ങളിൽ വീടിന്റെ ഭാഗങ്ങൾ പൊളിച്ച് മൃതദേഹം സംസ്ക്കരിക്കേണ്ടി വരും. വർഷ കാലത്തും വേലിയേറ്റത്തിന്റെ സമയത്തും മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കാനായി കിലോമീറ്ററുകൾ അകലെയുള്ള ശ്മശാനത്തിൽ കൊണ്ടുപോകണം. ഒറ്റമഴയിൽ വെള്ളക്കെട്ടിലാകുന്ന പ്രദേശങ്ങളാണ് ഭൂരിഭാഗവും.
പൊതുശ്മശാനം നിർമ്മിക്കാനുള്ള സ്ഥലം തരം മാറ്റി കിട്ടുന്നതിനായി സർക്കാരിന് നിരന്തരം നിവേദനം നൽകിയതിനെ തുടർന്ന് നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള പൊതുശ്മശാനം നിർമ്മിക്കാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും പഞ്ചായത്ത് ഭരണസമിതി ഊർജിതമാക്കും
- പി.വത്സല, പ്രസിഡന്റ്,
കുത്തിയതോട് പഞ്ചായത്ത്