
ചേർത്തല: പാർട്ടി വിടുന്നവരെ സ്വീകരിക്കുന്നതിന്റെ പേരിൽ ചേർത്തലയിൽ എൽ.ഡി.എഫിൽ സി.പി.എം സി.പി.ഐ തർക്കം മുറുകുന്നു.നഗരസഭ ഒമ്പതാം വാർഡിൽ തുടങ്ങിയ തർക്കങ്ങൾ മറ്റ് പ്രദേശങ്ങളിലേക്കും പടർന്നതോടെ ഭിന്നത പരസ്യമായി. കഴിഞ്ഞ ദിവസം തർക്കങ്ങൾ പരിഹരിക്കാൻ ഏരിയാ നേതൃതലത്തിൽ നടത്തിയ ചർച്ചകളും അലസി പിരിഞ്ഞതോടെ ഇരുപാർട്ടികളും ശക്തമായ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്.
കഴിഞ്ഞയിടെ സി.പി.ഐയിൽ ചേർന്ന നഗരത്തിലെ സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗത്തെ ജോലി ചെയ്തിരുന്ന സഹകരണ സ്ഥാപനത്തിൽ നിന്ന് സസ്പെന്റ് ചെയ്തത് പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. നടപടിക്കെതിരെ സ്ഥാപനത്തിൽ സമരത്തിന് സി.പി.ഐ നോട്ടീസ് നൽകിയാതായാണ് വിവരം.പാർട്ടി വിട്ടതിന്റെ പേരിൽ ഒരാളെ ജോലിയിൽനിന്നും മാറ്റി നിർത്തുന്നത് ഏകാധിപത്യരീതിയാണെന്നാണ് സി.പി.ഐ നേതാക്കൾ ആരോപിക്കുന്നത്.എന്നാൽ സഹകരണ സ്ഥാപനത്തിലെ നടപടി ഔദ്യോഗിക കാരണങ്ങളിലാണെന്നും അതിൽ പാർട്ടി ഇടപെടലില്ലെന്നുമാണ് സി.പി.എം നേതാക്കൾ പറയുന്നത്.
സി.പി.എമ്മിൽ നിന്നും വിഭാഗീയത ഉൾപ്പെടെ പലകാരണങ്ങളാൽ നടപടിയെടുക്കുകയും പാർട്ടി വിടുകയും ചെയ്ത നഗരസഭ 14,15,16,17 വാർഡുകളിൽ ഉൾപ്പെടുന്നവർ സി.പി.ഐയിൽ അംഗത്വമെടുത്തിരുന്നു.ഇവരുടെ നേതൃത്വത്തിൽ പ്രദേശങ്ങളിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി സി.പി.ഐ പുതിയ ബ്രാഞ്ച്കമ്മിറ്റികൾക്കും രൂപം നൽകി പ്രവർത്തനം തുടങ്ങി. സി.പി.ഐക്ക് കാര്യമായ സ്വീധീനമില്ലാത്ത പ്രദേശങ്ങളിലാണ് സി.പി.എം വിട്ടവരിലൂടെ പ്രവർത്തനം തുടങ്ങിയത്.ഇതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.
പാർട്ടി നടപടിയെടുക്കുന്നവരെ അംഗത്വം നൽകി സ്വീകരിക്കുന്ന സി.പി.ഐ നേതൃത്വത്തിന് തിരിച്ചടി നൽകാൻ സി.പി.എമ്മും രംഗത്തിറങ്ങിയിട്ടുണ്ട്.സി.പി.ഐ ടൗൺ വെസ്റ്റിലുണ്ടായിരിക്കുന്ന പൊട്ടിത്തെറി ഇതിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.ഇവിടെ ലോക്കൽ കമ്മിറ്റിയിലെ പ്രധാനിയുൾപ്പെടെ ഒരു വിഭാഗം സി.പി.എം നേതൃത്വവുമായി ചർച്ച നടത്തിയാതായാണ് വിവരം