mazha-mannar
അപ്രതീക്ഷിത മഴയിൽ മാന്നാർ പോസ്റ്റ് ഓഫീസിനു മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ട്

മാന്നാർ: വേനൽ ചൂടിൽ വെന്തുരുകുമ്പോൾ അപ്രതീക്ഷിതമായി എത്തിയ മഴ അല്പം ആശ്വാസമായി. മാന്നാറിലും സമീപ പ്രദേശങ്ങളിലും ഉച്ചകഴിഞ്ഞാണ് ഇടിയോടു കൂടിയ മഴ ലഭിച്ചത്. പലയിടങ്ങളിലും കിണർവെള്ളം വറ്റുകയും രൂക്ഷമായ ജലക്ഷാമവും വരൾച്ചയും അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ചുട്ടുപൊള്ളുന്ന ഭൂമി നേരിയ തോതിലെങ്കിലും മഴ പെയ്തതോടെ തണുത്തു. നെൽകൃഷി തുടങ്ങിയെങ്കിലും വിണ്ടുകീറിക്കിടന്ന പാടങ്ങളിൽ മഴയെത്തിയത് കർഷകർക്കും ആശ്വാസമായി. ചെറിയ മഴയാണ് പെയ്തതെങ്കിലും മാന്നാർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. ഓടകളിൽ ചപ്പുചവറുകൾ നിറഞ്ഞ് കിടക്കുന്നത് വെള്ളം ഒഴുകിപ്പോവുന്നതിന് തടസമായി. മാന്നാർ ടൗണിൽ ഭാഗികമായി ഗതാഗത തടസം അനുഭവപ്പെട്ടു. കടകളിലെ കച്ചവടത്തെയും ബാധിച്ചതായി​ മാന്നാർ മാർക്കറ്റ് ജംഗ്ഷനിൽ നാരങ്ങാക്കച്ചവടം നടത്തുന്ന റഫീഖ് പറഞ്ഞു.