മാവേലിക്കര: പുതിയതായി നിർമ്മിച്ച ബുദ്ധജംഗ്ഷൻ - കല്ലുമല റോഡിൽ മഴ പെയ്തപ്പോൾ വാഹനങ്ങൾ തെന്നിവീണ് അപകടം. മറുതാക്ഷി ക്ഷേത്രത്തിനു സമീപം ഉച്ചകഴിഞ്ഞാണ് അപകടങ്ങൾ ഉണ്ടായത്. ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നിവീഴുകയായിരുന്നു. നാല് വാഹനങ്ങളാണ് തുടരെത്തുടരെ അപകടത്തിൽ പെട്ടത്. വാഹനങ്ങൾ ഓടിച്ച നാല് പേർക്കും പരിക്കേറ്റു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
അശാസ്ത്രീയ ടാറിംഗാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നിർമ്മാണത്തിന്റെ ഭാഗമായി ഒരു മാസം മുമ്പ് റോഡിൽ വീണ്ടും ടാറിംഗ് നടത്തിയിരുന്നു. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. പി.ഡബ്ല്യു.ഡി എൻജിനീയരോട് അടിയന്തരമായി തകരാർ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.