
ആലപ്പുഴ: ഒന്നരമാസമായി അനുഭവപ്പെടുന്ന കനത്ത ചൂടിൽ കർഷകർക്ക് ആശ്വാസം പകർന്ന് വേനൽമഴ.
കുട്ടനാടൻ പാടശേഖരങ്ങളിലെ ഇടത്തോടുകളിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനാൽ കുട്ടനാട് അപ്പർകുട്ടനാട്ടിൽ പുഞ്ചകൃഷി ഇറക്കിയ കർഷകർ ആശങ്കയിലായിരുന്നു. ഒപ്പം കരകൃഷിയിറക്കിയ ഓണാട്ടുകര, കരപ്പുറം പ്രദേശത്തെ ആയിരക്കണക്കിന് കർഷകരും വെള്ളം കിട്ടാതെ ഇടവിളകൃഷികൾ പ്രതിസന്ധിയിലായിരുന്നു.
ഇവിടെ മരച്ചീനി, ഏത്തവാഴ, ചേമ്പ്, ചേന, കാച്ചിൽ, കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, ചീര, കുരുമുളക്, വഴുതന, മുളക്, പയർ, തക്കാളി, തണ്ണമത്തൻ തുടങ്ങിയവയും ബന്തി, ജമന്തി, അരളി, കുറ്റിമുല്ല എന്നീ പൂച്ചെടികളും കരകൃഷിയിറക്കിയിരുന്നു. കരപ്രദേശങ്ങളിലെ തോടുകളും കുളങ്ങളും വറ്റി വരണ്ടതോടെ നയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. പാടശേഖരങ്ങളുടെ ഇടത്തോടുകളിലെ ജലനിരപ്പ് താഴ്ന്നതിനാൽ ഒന്നുമുതൽ രണ്ടുമാസംവരെ പ്രായമായ നെൽചെടികൾക്ക് വെള്ളകയറ്റാൻ കഴിയാത്ത അവസ്ഥയമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും പെയ്ത മഴ വലിയ അനുഗ്രഹമായിരുന്നു. പല പാടശേഖരങ്ങളിലും വെള്ളം ഇല്ലാതെ വറ്റി വരണ്ട് നെൽചെടികൾ കരിഞ്ഞ നിലയിലായിരുന്നു.
...............................
നെൽകൃഷി
വിത പൂർത്തീകരിച്ചത്: 20,000 ഹെക്ടർ
നെൽചെടികളുടെ പ്രായം: രണ്ട് മാസം വരെ
...............................
പച്ചക്കറി കൃഷി
വിളവ് ഇറക്കിയത് : 9875 ഹെക്ടർ
വിളകൾ: മരച്ചീനി, ഏത്തവാഴ, ചേമ്പ്, ചേന,
കാച്ചിൽ, കിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, ചീര,
കുരുമുളക്, വഴുതന, മുളക്, പയർ, തക്കാളി, തണ്ണമത്തൻ
...................................
പൂക്കൃഷി
ബന്തി, ജമന്തി,
അരളി, കുറ്റിമുല്ല