ആലപ്പുഴ: നഗരസഭയുടെ ടെലി മെഡിസിൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൊവിഡാനന്തര ആരോഗ്യം എന്ന വിഷയത്തിൽ ഫോൺ ഇൻ പരിപാടി സംഘടിപ്പിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ മേധാവി ഡോ. ബി. പദ്മകുമാർ സംശയങ്ങൾക്ക് മറുപടി നൽകി. കൊവിഡാനന്തര ആരോഗ്യം, ഭക്ഷണം, വ്യായാമം,യാത്രകൾ, വിവിധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുമ്പോളുള്ള ബുദ്ധിമുട്ടുകൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ഭിന്നശേഷിക്കാർ, ജീവിത ശൈലീ രോഗങ്ങമുള്ളവർ, കിടപ്പു രോഗികൾ, നവജാത ശിശുക്കൾ വയോജനങ്ങൾ എന്നിവരുടെ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളിലെ സംശയങ്ങൾക്ക് മറുപടി നൽകുകയും മരുന്ന് നിർദേശിക്കുകയും ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, ആർ. വിനീത, കൗൺസിലർമാരായ ബി .അജേഷ്, ആർ. രമേശ് എന്നിവർ പങ്കെടുത്തു. ടെലി മെഡിസിൻ കോ ഓർഡിനേറ്ററായ നജീബ് ഹബീബ്, സ്റ്റാഫ് നഴ്സ് ഷിജിന ഫൈസൽ, നഴ്സിംഗ് അസിസ്റ്റന്റ് ലൗസി, അസിസ്റ്റന്റ് കോഓർഡിനേറ്റർ രാജശ്രീ എന്നിവർ പരിപാടിയ്ക്ക് ഏകോപനം നൽകി. കൊവിഡാനന്തര ആരോഗ്യം ഒരു സാമൂഹിക പ്രശ്നം ആയിരിക്കുന്ന സാഹചര്യത്തിൽ വിദഗ്ദ ഡോക്ടർമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടെലി മെഡിസിൻ ഫോൺ ഇൻ പരിപാടികൾ തുടർന്നും സംഘടിപ്പിയ്ക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.