ambala

അമ്പലപ്പുഴ: തിരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് എച്ച്. സലാം എം. എൽ. എ.അമ്പലപ്പുഴ വടക്ക് പഞ്ചായത്തിന്റെ തീരപ്രദേശത്തെ ആയിരക്കണക്കിന് വീട്ടുകാർക്ക് കുടിവെള്ളമെത്തിച്ചാണ് എച്ച്. സലാം വാഗ്ദാനം നിറവേറ്റിയത്. പഞ്ചായത്തിന്റെ ഒന്ന്, രണ്ട്,18 വാർഡുകളിൽ വർഷങ്ങളായി ജനങ്ങൾക്ക് കുടിവെള്ളം കിട്ടാക്കനിയായിരുന്നു. ഒന്നാം വാർഡിൽ പൂ മീൻ പൊഴി പാലത്തിനു സമീപം വഴി കടന്നു പോകുന്ന യുഡിസ് മാറ്റിന്റെ വലിയ പൈപ്പിൽ വാൽവ് സ്ഥാപിച്ച് ഇതുവഴിയുള്ള ജലജീവൻ മിഷന്റെ പൈപ്പിലേക്ക് കണക്ഷൻ നൽകുന്നതിന് മന്ത്രി റോഷി അഗസ്റ്റിൻ, കളക്ടർ, പഞ്ചായത്ത് പ്രസിഡന്റ്, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തി അനുമതി നൽകിയിരുന്നു. ഇതിനായി 300 മീറ്ററോളം പുതിയ പൈപ്പുലൈനുകളും പുതുതായി സ്ഥാപിച്ചു. എന്നാൽ റോഡ് കുഴിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടെ ചില വാർഡ് മെമ്പർമാർ നിർമ്മാണ പ്രവർത്തികൾ തടസപ്പെടുത്തിയത് വൈകാൻ കാരണമായി.തുടർന്ന് എം. എൽ. എ നേരിട്ട് ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്താണ് വീണ്ടും നിർമ്മാണമാരംഭിച്ചത്. മാധവ മുക്കിന് സമീപം പഞ്ചായത്ത് സ്വന്തമായി വാങ്ങിയ 15 സെന്റ് സ്ഥലത്ത് ഓവർ ഹെഡ് ടാങ്കു പൂർത്തിയാക്കും. ആറ്, 16 വാർഡുകളിൽ പുതിയ ട്യൂബ് വെല്ലുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായി.രണ്ട് ട്യൂബ് വെല്ലുകൾക്ക് 1.5 ലക്ഷം രൂപ ചെലവിൽ മോട്ടോറുകളും വാങ്ങി. ഈ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് എം .എൽ. എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ്, സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അൻസാരി, അംഗങ്ങളായ ഗ്ലാഡ് വിൻ, ഉല്ലാസ്, ഷെജീർ, ബ്രാഞ്ച് സെക്രട്ടറി മണിക്കുട്ടൻ, ആർ. എച്ച് .റഷീദ് എന്നിവർ പങ്കെടുത്തു.