photo

ചേർത്തല: കാർഷിക കൂട്ടായ്മകളെ സഹകരി​പ്പി​ച്ച് പൂവൻ വാഴക്കൃഷി​യി​ൽ നൂറുമേനി​ വി​ളയിക്കാനുള്ള ഒരുക്കത്തി​ലാണ് കഞ്ഞി​ക്കുഴി​ ഗ്രാമ പഞ്ചായത്ത്. മി​കച്ച പരി​ചരണം നൽകി​ ചൊരി​മണലി​ൽ തനി​ നാടൻ കുലകൾ വി​ളയി​ച്ചെടുത്ത് കഞ്ഞി​ക്കുഴി​ മോഡലി​ന്റെ ആവർത്തനം ലക്ഷ്യമി​ടുകയാണ് അധി​കൃതർ.

സംസ്ഥാന കൃഷി വകുപ്പിന്റെയും ഹോർട്ടികൾച്ചർ മിഷന്റെയും സഹായത്തോടെയാണ് പഞ്ചായത്ത് വാഴകൃഷി തുടങ്ങുന്നത്. ഇതിനായി വാർഡുകളിൽ പത്തു വീതം കാർഷിക ഗ്രൂപ്പുകൾക്ക് രൂപം നൽകും . നിലവിലുളള കുടുംബശ്രീ പുരുഷ സ്വാശ്രയ സംഘങ്ങളിൽ വാഴകൃഷിക്ക് താത്പ്പര്യമുള്ളവരെ ചേർത്താണ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്.

വാഴവിത്തുകളുടെ പഞ്ചായത്തുതല വിതരണ ഉദ്ഘാടനം പത്താം വാർഡിൽ ചാത്തനാട് വിത്ത് ഉത്പാദക കേന്ദ്രത്തിൽ കൃഷി വകുപ്പുമന്ത്റി പി. പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം ഫെയ്‌സി വി. ഏറനാട് സ്വാഗതവും കൃഷി അസിസ്​റ്റന്റ് വി.ടി.സുരേഷ് നന്ദിയും പറഞ്ഞു. കൃഷി ഓഫീസർ ജാനിഷ് റോസ് ജേക്കബ് പദ്ധതി വിശദീകരിച്ചു.

ചൊരി​മണലി​ൽ മി​കച്ച പരി​ചരണം

നന്നായി പരിചരിച്ചാൽ ചൊരിമണലിൽ നല്ല വിളവു ലഭിക്കുന്നതാണ് പൂവൻ വാഴ.
കീട രോഗബാധയും കുറവാണെന്നതും ഈ വാഴയുടെ പ്രത്യേകതയാണ്. ചാണകവും കോഴി വളവും അടിവളമായി ഉപയോഗിച്ചാണ് വാഴക്കന്നുകൾ നടുന്നത്. ഒരു ഗ്രൂപ്പിന് 50 വാഴവിത്തുകൾ വീതമാണ് സൗജന്യമായി നൽകുന്നത്.