 
വള്ളികുന്നം: ആറുപതിറ്റാണ്ടുകൾക്ക് മുൻപ് ആരംഭിച്ച് ഒരു നാടിന്റെ വ്യാപാര കേന്ദ്രമായിരുന്ന കടേയിക്കൽ മാർക്കറ്റിന് പുനർജീവനേകണമെന്ന് ആവശ്യമുയരുന്നു.
വള്ളികുന്നത്തിന്റെ തെക്ക് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റിൽ നാട്ടിലെ കർഷകർ തന്നെ ഉദ്പാദിപ്പിക്കുന്ന നാണ്യവിളകൾ, പച്ചക്കറികൾ, തഴപ്പായ് തുടങ്ങിയവയെല്ലാം വ്യാപാരം നടത്തിയിരുന്നു. കൊല്ലം ജില്ലയിൽ നിന്നുവരെ ഇവിടെ വ്യാപാരികൾ എത്തിയിരുന്നു.വെന്ന് പഴമക്കാർ പറയുന്നു.
2002 ൽ മാർക്കറ്റ് വികസന സമിതി രൂപം കൊണ്ട് ഒട്ടേറെ പ്രവർത്തനങ്ങൾ ആരംഭിച്ചെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും നടപടികൾ ഉണ്ടാകാതെ പോകുകയായിരുന്നു. മാർക്കറ്റിനുള്ളിൽ മത്സൃ - മാംസ കച്ചവടം ഇതിന് പുറത്തേയ്ക്ക് മാറ്റിയതാണ് ആദ്യം തിരിച്ചടിയായത്. ഇതിനെതിരെ സമിതി കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയെങ്കിലും മൂന്നു മാസത്തിന് ശേഷം കച്ചവടം വീണ്ടും പുറത്തേയ്ക്ക് മാറി. പഞ്ചായത്ത് അധികൃതരുടെ ഭാഗത്തെ വീഴ്ച്ചയാണ് കാരണമായതെന്ന് ആക്ഷേപമുണ്ട്. വീണ്ടും വിധി മാർക്കറ്റ് വികസന സമിതിയ്ക്ക് അനുകൂലമായി വന്നെങ്കിലും പഞ്ചായത്ത് അധികൃതർ മൗനം പാലിച്ചുവത്രെ. ഇവിടെ ആരംഭിച്ച ത്രിവേണി സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനവും സാവധാനം നിലച്ചതോടെ മാർക്കറ്റ് ദുഃസ്ഥിതിയിലായി. സ്വകാര്യ വ്യക്തി നൽകിയ സ്ഥലത്താണ് മാർക്കറ്റ്. മാർക്കറ്റിന്റെ പ്രവർത്തനം നിലയ്ക്കുന്നതോടെ സ്ഥലം തിരികെ നൽകേണ്ടി വരുന്നതും പ്രതിസന്ധിയുണ്ടാക്കുന്നു.
കാർഷിക മേഖലയിൽ സ്ഥിതി ചെയ്യുന്ന കടേയിക്കൽ മാർക്കറ്റ് പുനരുജീവിപ്പിക്കാൻ എം.എൽ.എയും പഞ്ചായത്തും അടിയന്തരമായി ഇടപെടണം.
നാട്ടുകാർ
പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് മാർക്കറ്റിന് ഈ സ്ഥിതി വരുവാൻ കാരണം. എം.എൽ.എ മുൻകൈ എടുക്കണം.
ടി.ഡി.വിജയൻ
(പ്രസിഡന്റ്, മാർക്കറ്റ് വികസന സമിതി)
ഒരു പാട് കാലം മുതൽ നാടിനാകെ ആവശ്യമായ മാർക്കറ്റായിരുന്നു ഇത്. അധിക്യതരുടെ അനാസ്ഥയാണ് ഈ ഗതിയിലെത്താൻ കാരണം.ഇത് പരിഹരിക്കപ്പെടണം.
പ്രകാശ് വിളയിൽ
(സെക്രട്ടറി, മാർക്കറ്റ് വികസന സമിതി)