
കായംകുളം: മോചനദ്രവ്യം ആവശ്യപ്പെട്ട് തൃശൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുപ്രസിദ്ധ ഗുണ്ട ഉൾപ്പെടെ മൂന്നുപേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കുപ്രസിദ്ധ ഗുണ്ടയും പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആലപ്പുഴ കലവൂർ വില്ലേജിൽ പരുത്തിയിൽ വീട്ടിൽ ബിനുക്കുട്ടൻ എന്ന് വിളിക്കുന്ന ജയ്സൺ (26) എറണാകുളം പാറക്കടവ് വില്ലേജിൽ പള്ളത്ത് കാട്ടിൽ ഹൗസിൽ വർഗ്ഗീസ് മകൻ ജീസ് വർഗ്ഗീസ് (22) പത്തിയൂർ വില്ലേജിൽ പത്തിയൂർ പടിഞ്ഞാറ് മുറിയിൽ സീനാസ് മൻസിലിൽ ബാബു മകൻ ഹനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്.
തൃശൂർ സ്വദേശിയായ അനീസിൽ നിന്നും മാരുതി സ്വിഫ്റ്റ് കാർ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നൽകാതിരുന്നതിനെ തുടർന്ന് വാഹനം ആവശ്യപ്പെട്ട് എത്തിയ തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി കാറിൽ നിന്നും അനീസിനെ തട്ടിക്കൊണ്ടു പോയി അൻപതിനായിരം രൂപ മോചനദ്രവ്യമായി അവശ്യപ്പെട്ട കേസിലാണ് അറസ്റ്റ് . കായംകുളം ഇടശ്ശേരി ജഗ്ഷന് സമീപം വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഘം അനീസിനെ തട്ടിക്കൊണ്ടുപോയത്.
തുടർന്ന് കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ കരീലക്കുളങ്ങര സി.ഐ. സുധിലാൽ, കനകക്കുന്ന് സി.ഐ. ജയകുമാർ പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, സബീഷ് , ദീപക്, വിഷ്ണു, ഷാജഹാൻ, അനൂപ്, അനീഷ്, ശരത്, ഫിറോസ് എന്നിവരടങ്ങിയ സംഘമാണ് സാഹസികമായി അനീസിനെ രക്ഷപ്പെടുത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.