shabinson

പൂച്ചാക്കൽ : നൂറ്റാണ്ടുകൾ പഴക്കമുള്ളതും ഇപ്പോൾ കാടുമൂടി കിടക്കുന്നതുമായ പൂച്ചാക്കൽ ബോട്ടു ജെട്ടി യാത്രായോഗ്യമാക്കണമെന്നാവശ്യമുയരുന്നു. എക്കലും മണ്ണും അടിഞ്ഞ് ഇവിടെ ബോട്ട് അടുപ്പിക്കാൻ കഴിയാത്ത സ്ഥിതിയാണ്.

പൂച്ചാക്കൽ ഗ്രാമത്തിന്റെ വ്യാപാരപ്പെരുമയോട് ബന്ധപ്പെട്ടു കിടക്കുന്നതാണ് ഈ ബോട്ട് ജെട്ടി. പെരുമ്പളം, തൈക്കാട്ടുശേരി, പള്ളിപ്പുറം, വടുതല തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരികളുടെ ഗ്രാമച്ചന്തയായിരുന്ന പൂച്ചാക്കൽ മാർക്കറ്റിലേക്ക് ചരക്കുകൾ എത്തിച്ചിരുന്നത് ഈ ജെട്ടി വഴിയാണ്. ജലഗതാഗതം മാത്രം ആശ്രയിച്ചിരുന്ന കാലത്ത് ഇവിടെ നിന്ന് വൈക്കത്തേക്കും കുത്തിയതോട്ടിലേക്കും ബോട്ട് സർവീസ് നടത്തിയിരുന്നു. എറണാകുളം, ചെങ്ങന്നൂർ, പെരുമ്പളം, കാഞ്ഞിരമറ്റം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് സർവ്വീസ് നടത്തിയിരുന്ന ബോട്ടുകളുടെ പ്രധാന സ്റ്റോപ്പുമായിരുന്നു പൂച്ചാക്കൽ. റോഡ് ഗതാഗതം വികസിച്ചതോടെ യാത്രക്കാർ കുറഞ്ഞ് ബോട്ട് സർവീസുകൾ നിലയ്ക്കുകയായിരുന്നു. എന്നാൽ റോഡിൽ ഗതാഗതക്കുരുക്ക് കൂടുകയും വേഗതയുള്ള ബോട്ടുകൾ സർവീസിനെത്തുകയും ചെയ്തതോടെ യാത്രക്കാർ ഇപ്പോൾ വീണ്ടും ബോട്ട് സർവീസിനെ ആശ്രയിച്ചുതുടങ്ങി. സമീപമുള്ള മണപ്പുറം, പാണാവള്ളി, അരയങ്കാവ്, പെരുമ്പളം തുടങ്ങിയ ജെട്ടികളിൽ ബോട്ട് യാത്രയ്ക്ക് സൗകര്യം കിട്ടുമ്പോഴാണ് പഴക്കമേറിയ പൂച്ചാക്കൽ ജെട്ടി അവഗണനയിൽ മുങ്ങുന്നത്.

ജെട്ടിയിലെ എക്കലും ചെളിമണലും നീക്കി ബോട്ടു ചാലിന്റെ ആഴം കൂട്ടണം. വൈക്കം, എറണാകുളം സർവ്വീസുകൾ പുനഃരാരംഭിക്കുവാൻ നടപടി ഉണ്ടാകണം.

-ടി.ഡി.പ്രകാശൻ , പ്രസിഡന്റ്,

വ്യാപാരി വ്യവസായി ഏകോപന സമിതി, പൂച്ചാക്കൽ യൂണിറ്റ്

നൂറുകണക്കിന് യാത്രക്കാർ ആശ്രയിച്ചിരുന്ന പൂച്ചാക്കൽ ജെട്ടി സഞ്ചാരയോഗ്യമാക്കണം. നിലവിലുള്ള ജെട്ടിയിലേക്കുള്ള വഴിയും നന്നാക്കണം

-ഷാബിൻസൻ കാവളത്ത്, പ്രസിഡന്റ്

വ്യാപാരി വ്യവസായി സമിതി, പൂച്ചാക്കൽ

പൂച്ചാക്കൽ ഭാഗത്തുള്ള യാത്രക്കാർ ഇപ്പോൾ മണപ്പുറത്ത് നിന്നും പാണാവള്ളി ജെട്ടിയിൽ നിന്നുമൊക്കെയാണ് യാത്ര ചെയ്യുന്നത്. ചരിത്ര പ്രാധാന്യമുള്ള ജെട്ടിയെ അവഗണിക്കുന്നത് നീതികരിക്കാനാവില്ല.

- പി.എം.സുബൈർ,യാത്രക്കാരൻ