
ആലപ്പുഴ: ഇരു വൃക്കകളും തകരാറിലായ രണ്ടു ചെറുപ്പക്കാരുടെ ശസ്ത്രക്രിയയ്ക്കായി നാടൊരുമിച്ചു. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ എം.എസ്.സി കെമിസ്ട്രി അവസാന വർഷ വിദ്യാർത്ഥിനിയായ കാഞ്ഞിരം ചിറ പുന്നയ്ക്കൽ വീട്ടിൽ റീന തോമസും ഹോട്ടൽ മാനേജ്‌മെന്റ് ബിരുദത്തിന് ശേഷം തൃശൂരിൽ ജോലി ചെയ്തിരുന്ന കാഞ്ഞിരം ചിറ തൈപ്പറമ്പിൽ വീട്ടിൽ റിച്ചി റിച്ചാഡ്സണും ഗുരുതരമായ വൃക്കരോഗം ബാധിച്ച് ഡയാലിസിസ് വഴി ജീവൻ നിലനിർത്തിപ്പോരുകയാണ്. ഇരുവർക്കും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. നിർദ്ധന കുടുംബങ്ങളിൽപ്പെട്ട ഇവരുടെ ശസ്ത്രക്രിയാ ചിലവിന് പണം കണ്ടെത്താൻ പി.പി.ചിത്തരഞ്ജൻ എം.എൽ.എ,നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ,കൗൺസിലർമാരായ എലിസബത്ത് പി.ജി, റഹിയാനത്ത് , ജെസ്സി മോൾ പൊതുപ്രവർത്തകരായ ബേബി ലൂയിസ്, രാഹുൽ, സുബിൻ എന്നിവരുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തി. നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജിന്റെയും കൗൺസിലർ എലിസബത്തിന്റെയും നേതൃത്വത്തിൽ വൈകുന്നേരം ബീച്ചിലും ധന സമാഹരണം നടത്തി.