
ആലപ്പുഴ: നീണ്ട ഇടവേളക്കും കാത്തിരിപ്പിനുമൊടുവിൽ വിദ്യാർത്ഥികൾ ഇന്ന് വീണ്ടും സ്‌കൂളിലേക്ക്. കൊവിഡ് വ്യാപനത്തിൽ
അടഞ്ഞ സ്‌കൂളുകൾ ഒന്നരവർഷത്തെ ഇടവേളക്കുശേഷമാണ് പൂർണസജ്ജമാകുന്നത്. തുടക്കത്തിൽ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഉച്ചവരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഈമാസം 21 മുതൽ മുഴുവൻ സമയപഠനമുണ്ടാകും.
കഴിഞ്ഞ വർഷം നവംബറിൽ സ്‌കൂൾ തുറന്നെങ്കിലും ബാച്ചുകളായി തിരിച്ച് 50 ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു പ്രവേശനം. ഈമാസം ഏഴ് മുതൽ 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്ളാസുകൾ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെയാക്കിയിരുന്നു. ജില്ലയിൽ 772 സ്കൂളുകളിലായി ഒന്നുമുതൽ 10 വരെയുള്ള ക്ലാസുകളിലായി 1.75 ലക്ഷത്തോളം കുട്ടികളുണ്ട്. ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒരുലക്ഷത്തോളം കുട്ടികളാണ് തിങ്കളാഴ്ച വീണ്ടും സ്‌കൂളുകളിലെത്തുക. പതിവുപോലെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസുകൾ നടക്കുക. വിദ്യാലയങ്ങൾ അണുനശീകരണം നടത്തി വൃത്തിയാക്കി.