ഹരിപ്പാട്: കുരുമ്പക്കര ദേവീക്ഷേത്രത്തിൽ മോഷണം. 50,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. നാല് കാണിക്കവഞ്ചിയും ശ്രീകോവിലിലെ മേശയും കുത്തിതുറന്ന് പണം അപഹരിച്ചു. ശ്രീകോവിൽ കുത്തിതുറന്ന് തൂക്ക് വിളക്ക് കത്തിച്ച് വച്ച ശേഷം വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയും മോഷ്ടിച്ചു. ഇന്നലെ പുലർച്ചെ 4ന് ക്ഷേത്ര മേൽശാന്തി ഹരീഷ് പോറ്റി ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. മോഷ്ടാവ് ക്ഷേത്രത്തിന്റെ വലതുവശത്തുകൂടി ചുറ്റമ്പലത്തിൽ പ്രവേശിച്ചതായി കാൽപ്പാടുകൾ ഉണ്ട്. വിവരമറിയിച്ചതിനെ തുടർന്ന് കനകക്കുന്ന് പൊലീസ് സ്ഥലതെത്തി പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും ക്ഷേത്രത്തിൽ എത്തി പരിശോധന നടത്തി.