ഹരിപ്പാട്: സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം ആറ്റുകാൽ മണക്കാട് ശിവനന്ദ ഭവനം( വൈകുണ്ഠം) വീട്ടിൽ കൃഷ്ണകുമാറാണ്(64) കനകക്കുന്ന് പൊലീസിന്റെ പിടിയിലായത്. മുതുകുളം ഹൈസ്കൂൾ ജംഗ്ഷന് തെക്കുവശം ഉള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ധനകാര്യസ്ഥാപനത്തിൽ കൃഷ്ണകുമാർ വള പണയംവെച്ച് 75,000 രൂപയോളം കൈപ്പറ്റി. പണം വാങ്ങി ഇയാൾ തിരികെ പോയശേഷം സംശയം തോന്നിയ ഫൈനാൻസ് ജീവനക്കാർ പണയം വെച്ച ആഭരണം പരിശോധിച്ചപ്പോഴാണ് മുക്ക് പണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ജീവനക്കാർ കനകക്കുന്ന് പൊലീസിൽ പരാതി നൽകി. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി സ്ഥാപനത്തിലെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യങ്ങളിൽ നിന്നും ഇയാൾ വന്ന കാറിന്റെ നമ്പർ കണ്ടെത്തി. രജിസ്ട്രേഷൻ രേഖകളിൽ നൽകിയിരുന്ന മൊബൈൽ നമ്പർ ബന്ധപ്പെട്ടപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃഷ്ണകുമാർ തിരുവനന്തപുരം സ്വദേശിയാണെന്ന് മനസിലായത്.തുടർന്ന് കൃഷ്ണകുമാർ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തി പിടികൂടുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ജി.ജയദേവന്റെ നിർദേശപ്രകാരം കായംകുളം ഡി.വൈ.എസ്.പി അലക്സ് ബേബിയുടെ മേൽനോട്ടത്തിൽ എസ്.ച്ച്.ഓ വി.ജയകുമാർ, എസ്‌.ഐമാരായ ഷാജഹാൻ, ബൈജു,സി.പി.ഒമാരായ ജിതേഷ്, സബീഷ്, അനീഷ് കുമാർ, ആനീസ് ബഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.