photo

ചേർത്തല: കർഷകർ ഒറ്റമനസോടെ കൃഷി ചെയ്തപ്പോൾ മുഹമ്മ പെരുന്തുരത്ത് വടക്കേ കരി പാടത്ത് പുഞ്ചക്കൃഷിയിൽ മികച്ച വിളവ്.പാടശേഖര സമിതിയുടെ പുതിയ പ്രസിഡന്റായി സി.എ.ജയശ്രീയും സെക്രട്ടറിയായി വി.വിനിതയും എത്തിയതോടെയാണ് കൂട്ടായ്മയോടെ കാർഷിക മുന്നേറ്റത്തിന് സാദ്ധ്യമായത്.കൊയ്ത്തുത്സവ ഉദ്ഘാടനത്തിന് മന്ത്റി പി.പ്രസാദ് പാടത്തിറങ്ങിയതോടെ കർഷകരും നാട്ടുകാരും ആവേശത്തിലായി. പാടശേഖര സമിതിയുടെ നേതൃത്തിൽ പെരുന്തുരുത്ത് ജൈവ അരിയെന്ന പേരിൽ അരി വിപണിയിൽ ഇറക്കണമെന്നും മന്ത്റി നിർദേശിച്ചു. കൃഷിക്കാവശ്യമായ എല്ലാ സഹായവും മന്ത്റി വാഗ്ദാനം ചെയ്തു. ജൈവകൃഷി വ്യാപകമാക്കി ആരോഗ്യം സംരക്ഷിക്കാമെന്നും മന്ത്റി പറഞ്ഞു. കൃഷിക്ക് പുതിയ പെട്ടിയും പറയും നൽകണമെന്ന പാടശേഖര സമിതി പ്രസിഡന്റിന്റെ ആവശ്യത്തിന് ചടങ്ങിൽ പങ്കെടുത്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദൻ ഉറപ്പു നൽകി. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു,വൈസ് പ്രസിഡന്റ് എൻ.ടി.റെജി,ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധുരാജീവ്,എം.ചന്ദ്ര,എസ്.ടി.റെജി,കൃഷി ഓഫീസർ കൃഷ്ണ, പഞ്ചായത്ത് സെക്രട്ടറി പി.വി.വിനോദ്,പാടശേഖര സമിതി അംഗങ്ങൾ,കർഷകർ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.