
കുട്ടനാട് : പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കാരുണ്യത്തിൽ സ്വന്തമായി ഒരുവീടെന്ന ഉത്തരയുടെ സ്വപ്നം സഫലമായി. കൈനകരി പഞ്ചായത്ത് അഞ്ചാം വാർഡ് പോഞ്ഞാൻതറച്ചിറയിൽ രാജേഷിന്റെ
ഭാര്യയാണ് ഉത്തര. രാജേഷ് രോഗിയായതിനാൽ പ്രായം ചെന്ന മാതാപിതാക്കളും പിഞ്ചു കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ വളരെ ബുദ്ധിമുട്ടിയാണ് ഉത്തര മുന്നോട്ട് നയിച്ചിരുന്നത്.
കുടുംബത്തിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ലൈഫ് പദ്ധതിയിൽപ്പെടുത്തി വീട് അനുവദിക്കാൻ പഞ്ചായത്ത് തയ്യാറായെങ്കിലും യാത്രാസൗകര്യം തീരെയില്ലാത്ത സ്ഥലമായതിനാൽ ലഭിച്ച തുകയിലേറെയും സാധനസാമഗ്രികളും മറ്റും എത്തിക്കുന്നതിന് ചിലവായതോടെ നിർമ്മാണം ഇടയ്ക്ക് വെച്ച് മുടങ്ങി. വെള്ളപ്പൊക്കസമയത്ത് ദുരിതാശ്വാസക്യാമ്പുകളിലും ദൂരെയുള്ള ബന്ധുവീടുകളിലുമായാണ് കഴിഞ്ഞുവന്നത് ഇതിന് പുറമെ കൊറോണ പ്രതിസന്ധികൂടിയായതോടെ ജീവിതം വഴിമുട്ടി. ഇതിനിടെ വീട് പണി തുടരാൻ നിർവാഹമില്ലാതെ ബുദ്ധിമുട്ടിലായ ഉത്തര പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെക്കുറിച്ച് കേൾക്കാൻ ഇടയാകുകയും അദ്ദേഹത്തെ നേരിട്ട് വിളിച്ച് സങ്കടം പറയുകയുമായിരുന്നു . അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം മുസ്ലീംലീഗ് ജില്ലാ ട്രഷറർ കമൽ എം മാക്കിയിലും സുഹൃത്തായ വി.എസ്.ഹാർഡ് വെയേഴ്സ് ഉടമ ഷംസും പിറ്റേദിവസം തന്നെ ഇവിടെ സന്ദർശിച്ച് ഉത്തരയുടേയും കുടുംബത്തിന്റെയും വീട് പണി ഏറ്റെടുക്കുകയായിരുന്നു. ഇന്നലെ നടന്ന ലളിതമായ ചടങ്ങിൽ ഗൃഹപ്രവേശം നടന്നു. മുനവറലി ഷിഹാബ് തങ്ങളോടൊപ്പം മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി ടി എം സലീം, ജില്ലാ പ്രസിഡന്റ് എ എം നസീർ കുട്ടനാട് മണ്ഡലം പ്രസിഡന്റ് ബിജു, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.